പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ചിലരെ അടുത്തറിയുമ്പോള്‍ ; ആത്മ നൊമ്പരങ്ങളായി നമ്മെ വേട്ടയാടുന്ന കൂടികാഴ്ചകളെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്‌

പ്രതിസന്ധികളെ അതിജീവിക്കുന്ന ചിലർ അവരെ അറിയുമ്പോൾ ഒരേ സമയം സ്നേഹവും നൊമ്പരവും അനുഭവപ്പെടും. കടന്നു പോയ അവസ്ഥകൾ, അതിനു ഉള്ളിലെ കല്ലും മുള്ളും അതൊക്കെ തട്ടി കളഞ്ഞു മുന്നിൽ എത്തുന്നത് കാണുമ്പോൾ ഇവരോളം ഒന്നും വിവേകം എനിക്കില്ലല്ലോ എന്ന് നെഞ്ചിൽ കൈ വെയ്ക്കും.അനിയത്തിയുടെ ഒരു പ്രശ്നത്തിന് എന്നെ കാണാൻ എത്തിയ ഒരു സ്ത്രീ ”ഇവളുടെ അത്ര പഠിപ്പു എനിക്കില്ല. പക്ഷെ ഇവളെക്കാൾ അനുഭവ സമ്പത്ത് ഉണ്ട്. ലോകം കണ്ടു കുറെ. അച്ഛൻ മരിക്കുമ്പോൾ അമ്മയെയും എട്ടു മാസം പ്രായമുള്ള ഇളയ അനിയത്തിയേയും സംരക്ഷിക്കേണ്ട ചുമതല തനിക്കാണ് എന്ന ഉത്തരവാദിത്വം ആ പന്ത്രണ്ടു വയസുകാരിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീടുള്ള ജീവിതത്തിൽ ബലമായി അത് ഏറ്റെടുക്കേണ്ടി വന്നു. ഭാര്തതാവ് മരിച്ച സ്ത്രീ , അവർക്കു പുറം ലോകത്തേക്കുള്ള സ്വാതന്ത്ര്യം ദുസ്സഹമാണ്. പ്രായമായി വരുന്ന മകൾ ഉള്ള അമ്മയെ വിവാഹം കഴിപ്പിക്കാൻ ബന്ധുക്കളിൽ ആർക്കും താല്പര്യമില്ല. താങ്ങും തണലുമായി എത്തുന്ന ആൾ എത്തരക്കാരൻ ആകും..?എന്നാൽ സഹായിക്കാനും വയ്യ.

ചെറുപ്രായത്തിൽ സമപ്രായക്കാർ കളിച്ചു നടക്കുമ്പോൾ ആ ലോകത്ത് നിന്നും മാറി ഒരു പെൺകുട്ടി. പഠിക്കാൻ മിടുക്കി ആണെന്ന് അധ്യാപികമാർ പറഞ്ഞു. പക്ഷെ പത്താം തരം കഴിഞ്ഞു കോളേജ് വിദ്യാഭ്യാസം നടന്നില്ല.
കൊക്കിനു ഒതുങ്ങുന്ന കാര്യങ്ങൾ പഠിക്ക്. ബന്ധുക്കൾ പുച്‌ഛിച്ചു. ഉരുക്കു ശരീരം ആണ് നിന്റെ എന്ന് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു.സത്യം, അത്ര കഠിനമായ ജോലികൾ ചെയ്തിട്ടുണ്ട്.

Loading...

പതിനെട്ടു വയസ്സായപ്പോൾ അച്ഛന്റെ കുടുംബത്ത് നിന്നും ഒരു വിവാഹാലോചന.’അമ്മ കണ്ണടച്ച് സമ്മതിച്ചു. കാരണം പയ്യൻ വിദേശത്താണ്. ഫോട്ടോ കണ്ടു തന്റെ മുഖം മങ്ങി,ഒട്ടും കൊള്ളില്ല. അമ്മയോട് പറഞ്ഞു. നിനക്ക് ഇനി സിനിമ നടനെ കൊണ്ട് വരണോ..?കത്തുന്ന കണ്ണുകളോടെ ‘അമ്മ പ്രതികരിച്ചു. അത് ദേഷ്യം അല്ല അമ്മയുടെ ഉള്ളിലെ സങ്കട നെരിപ്പോടാണ്. പുറമെ ഉള്ള വെളുപ്പിൽ കാര്യമില്ല എന്ന് മനസ്സിലായത്ത് ആ ആളിൽ നിന്നാണ്. അത്ര സ്നേഹം ആയിരുന്നു..

രണ്ടു മാസം ഒരുമിച്ചു കഴിഞ്ഞുഅതായിരുന്നു സ്വർഗ്ഗം. തന്റെ സന്തോഷം കണ്ടു അമ്മയുടെ മനസ്സ് നിറഞ്ഞു. കുഞ്ഞനുജത്തി അവരുടെ ഒപ്പം ഒരുപാടു സ്ഥലങ്ങളിൽ കറങ്ങി നടന്നു.ഒടുവിൽ എല്ലാ പ്രവാസികളെയും പോലെ സങ്കടത്തോടെ അദ്ദേഹം തിരിച്ചു വിമാനം കേറി. കത്തെഴുതാൻ ആണ് താൻ ജീവിക്കുന്നത് എന്ന് തോന്നി. പ്രണയം എന്തെന്ന് അനുഭവിക്കുക ആണ്. ഇതെന്താണ് ഇത്ര റേഷൻ അക്ഷരങ്ങളിൽ ? ഞാൻ എത്ര എഴുതി ..?പരിഭവങ്ങൾ , പരാതികൾ. നിന്റെ കത്ത് വായിക്കാൻ ആണ് രസം. കത്ത് അയക്കുന്നതിന്റെ ഒപ്പം പത്ത് പേപ്പറും കൂടി വെയ്ക്കും. ഒന്നും എഴുതാത്ത പേപ്പർ. ”ഇതിൽ നിറച്ചും മറുപടി അയക്കണം. എനിക്ക് സൂക്ഷിച്ചു വെക്കാനാണ്. ഇടയ്ക്കു ഇടയ്ക്കു വായിക്കണം.”

കുഞ്ഞുണ്ടായി.അതിനു ഒന്നര വയസ്സാകാറായി. ഇത് വരെ മോളുടെ ഫോട്ടോ മാത്രമേ കാണുന്നുള്ളൂ. വേഗം..വരണം..കാണണം. അതൊരു കാത്തിരിപ്പാണ്. അനുഭവസ്ഥർക്കു മാത്രമേ അത് ഊഹിക്കാൻ ആകു.പ്രവാസികളുടെ ആ പിടപ്പ്..! ആദ്യമായി ഉണ്ടായ കുഞ്ഞിനെ കാണാൻ പറ്റാതെ ഉള്ള അച്ഛന്റെ വേവ്.
ഒരു ദിവസം വലിയമ്മയുടെ മകൾ, ചേച്ചി വന്നു.ഭാര്തതാവിന്റെ അച്ഛന് സുഖമില്ല. ഫോൺ വന്നിട്ടുണ്ട്. വേഗം ചെല്ലണം. കുഞ്ഞിനേയും എടുത്ത് കാറിൽ. ഭാര്തതാവ് വരുമോ..? എല്ലാ ചോദ്യങ്ങൾക്കും മൂളൽ മാത്രം. എന്ത് വന്നാലും നേരിടണം എന്നുള്ള ഉപദേശവും. വീട് അടുക്കാറായി. എന്ത് വന്നാലും നേരിടണം. അവർ വീണ്ടും പറയുന്നു. ചേച്ചി , അച്ഛൻ പ്രായം ആയില്ലേ. ഇനി എന്ത് വന്നാലും നേരിടും..!. അല്ല …നിന്റെ ഭാര്തതാവിനു ആണേലും നേരിടണം. അങ്ങനെ ആണേൽ നേരിടില്ലെ..?ചോദ്യം മനസ്സിൽ പോറൽ ഉണ്ടാക്കി. എങ്കിലും മറുപടി സരസമായി കൊടുത്തു. അത്രേയുള്ളു നേരിടാതെ പിന്നെ…!!

എങ്കിൽ അച്ഛനല്ല , മകനാണ് പോയത്..! ഇതിനപ്പുറം ഇനി ഒന്നും കേൾക്കാനില്ല. അഭിശപ്ത. ഈ വാക്കിന് ഉള്ളിലേയ്ക്ക് നുഴഞ്ഞു കേറി ജീവിതം ഹോമിക്കാം അടുത്ത നിമിഷം മുതൽ. വെളുത്ത സാരി ഉടുത്തില്ല എങ്കിലും പോലും ഇനി വിധവ ആണ്. ചീഞ്ഞളിഞ്ഞ , ആ പേരിനുള്ളിൽ ചൂഷണത്തിന്റെ , അനീതിയുടെ ഗന്ധമാണ്. പരിമിതിയുടെ അപമാനങ്ങളിൽ ഓരോ നിമിഷവും ശ്വാസം എടുക്കുകയോ എടുക്കാതെ ഇരിക്കുകയോ ചെയ്യാം. ശൂന്യതാണ് ഇനി അണിയേണ്ട ആഭരണം. ആളില്ലാതെ ആയി എന്നതിനെ കാൾ ,ആ വാർത്ത ഉള്ളിൽ ഉണ്ടാക്കിയ ചിന്തകൾ ഇതൊക്കെ ആയിരുന്നു. ‘അമ്മ ജീവിച്ച ജീവിതം ഓർമ്മയിൽ ഉണ്ട്.

ചരിത്രം ആവർത്തിക്കുന്നു,എന്താണ് ചെയ്യേണ്ടത്..? അദ്ദേഹത്തിന്റെ വിസ കയ്യിൽ കിട്ടിയ അന്ന് അതിൽ കുറിച്ചിരിക്കുന്ന പ്രായം വിവാഹസമയത് പറഞ്ഞതിൽ നിന്നും പത്ത് വയസ്സ് കൂടുതൽ. വിസയുടെ കൂടെ അങ്ങോട്ട് അയച്ച കത്തുകളുടെ കൂമ്പാരം. സ്നേഹത്തോടെ പൊതിഞ്ഞു സൂക്ഷിച്ചു വെച്ചത്. കുറെ നേരം വീണ്ടും ആ കാലങ്ങൾ ഓർത്തു. ഒന്നിച്ചു കഴിഞ്ഞ വിരളമായ ദിവസങ്ങൾ. പ്രായം , സൗന്ദര്യം.., പഠിപ്പു ഒന്നും അവിടെ ഘടകം ആയിരുന്നില്ല. സ്നേഹിക്കാനുള്ള മത്സരം മാത്രമായിരുന്നു. ആത്മസമർപ്പണം ആയിരുന്നു. പക്ഷെ ഇനി നേരിടേണ്ട നാളുകൾ,അത് യാഥാർഥ്യം. ചിന്തിച്ചു നിൽക്കുന്ന ഓരോ നിമിഷവും തോൽവിയുടേതാണ്. ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു. ആറു മാസം കുഞ്ഞിന് ആകും മുൻപേ,പത്രത്തിൽ ഒരു പരസ്യം വന്നു. പിതാവിനെ വേണം…!തന്റെ ”ശെരി”..! അതിനു മറ്റൊരുടെയും അഭിപ്രായം ആരാഞ്ഞില്ല. ആ വരികളുടെ അര്ത്ഥം മനസിലാക്കി കുഞ്ഞിനെ തേടി ഒരു അച്ഛൻ എത്തി.

മക്കൾ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു ഭാര്യ കളഞ്ഞ ഒരു പുരുഷൻ. അങ്ങനെ അവർ ഒന്നിച്ചു. കുട്ടികൾ ഉണ്ടാകില്ല എന്ന് വിധിച്ച ആളിൽ നിന്നും രണ്ടു കുഞ്ഞുങ്ങൾ കൂടി ഉണ്ടായി. എങ്കിലും അദ്ദേഹത്തിന് മൂത്തമകൾ അവളാണ്..! ഇന്ന് , ജീവിക്കാൻ കഷ്‌ടപ്പെടുന്നുണ്ട്. സാമ്പത്തിക പരാധീനതകൾ ഉണ്ട്. പക്ഷെ , അദ്ദേഹത്തിനൊപ്പം ഞാനും പണിയെടുക്കുന്നു. ഒരേപോലെ ഞങ്ങൾ അദ്ധ്വാനിക്കുന്നു. പറഞ്ഞു നിർത്തിയപ്പോൾ അവർ കരഞ്ഞു, ഉള്ളിൽ ഞാനും. കേട്ടിരുന്ന അനുജത്തിയുടെ മുഖത്തേയ്ക്കു നോക്കി. ഇവരോളം നല്ല കൗൺസിലോർ ആരാണ്.? കാണുകയും കേൾക്കുകയും ഗ്രഹിക്കുകയും ചെയ്താൽ. തൊട്ടു മുന്നിൽ ഉണ്ട്.. പല ജീവിതങ്ങൾ. അനുഭവിക്കാത്തവർക്കു ഇതൊക്കെ എന്ത് എന്ന് എഴുതി തള്ളാം. പക്ഷെ എല്ലാവരുടെയും അവസ്ഥ ഒന്നാകണം എന്നില്ല..! അന്ന് രാത്രി ഉറങ്ങുമ്പോൾ എന്റെ മനസ്സിൽ അവരായിരുന്നു. അവർക്കു മുൻ ഭാര്തതാവിനെ മറക്കാനോ ഓർക്കാതെ ഇരിക്കാനോ ആകില്ല. അത് , ആദ്യത്തെ പുരുഷൻ എന്ന നിലയ്‌ക്കല്ല. അവളുടെ അന്തരാത്മാവോളം ഇറങ്ങി ചെന്ന് സ്നേഹിച്ച ഒരാൾ. ഏത് സ്ത്രീയും പുരുഷനും ആഗ്രഹിക്കും അങ്ങനെ ഒരാളെ..!

സ്നേഹിച്ചു സ്നേഹിച്ചു ഒടുവിൽ. കൈ കൂപ്പി ദൈവത്തോട് പറയണം. പൊറുക്കണം…നിന്നെകാൾ , ഏറെ സ്നേഹിച്ചു പോയതിനു…എന്ന്. എന്നിട്ടും അവർ , ആ ഓർമ്മ മായ്കാതെ തന്നെ മറ്റൊരു ജീവിത്തിലേയ്ക്ക് ഇറങ്ങി. തോറ്റു പിന്മാറാൻ ആർക്കും സാധിക്കും. പ്രായോഗികമായി കാര്യങ്ങളെ നേരിടാൻ ആണ് പാട്. പക്ഷെ വിജയം അതിനുള്ളിൽ ആണ് താനും…!അതല്ലേ സത്യം.