നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു

കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 44 വയസായിരുന്നു. ഒരു വര്‍ഷമായി അര്‍ബുദ രോഗം ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ജയേഷ് ഞായറാഴ്ച വൈകുന്നേരത്തോടെ കൊടകര ശാന്തി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുക ആയിരുന്നു. പഞ്ചായത്ത് ജീവനക്കാരനായിരുന്ന ഇത്തുപ്പാടം ഇല്ലിമറ്റത്തില്‍ ഗോവിന്ദന്റെയും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ അധ്യാപിക ഗൗരിയുടേയും മകനാണ് ജയേഷ്. സംസ്‌കാരം ഇന്നു നടക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മിമിക്രി രംഗത്ത് ജയേഷ് നിറഞ്ഞ് നില്‍ക്കുകയായിരുന്നു. അഭിനയ രംഗത്തും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 11 സിനിമകളില്‍ ജയേഷ് അഭിനയിച്ചു. ലാല്‍ജോസിന്റെ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. തുടര്‍ന്ന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, പ്രേതം ടു, സു സു സുധി വാത്മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളിലെ ജയേഷിന്റെ ചെറിയ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Loading...

വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറസാന്നിധ്യമായിരുന്നു. സുനജയാണ് ഭാര്യ. മകള്‍: ശിവാനി. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ടുവര്‍ഷം മുന്പ് മരിച്ചിരുന്നു.