ചില ശീലങ്ങൾ മണിയുടെ മരണകാരണം- മുഖ്യമന്ത്രി: മരണകാരണം കള്ളുകുടി? മുഖ്യമന്ത്രിയുടെ പരാമർശം തള്ളി മണിയുടെ കുടുംബം

ചാലക്കുടി: ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിട്ടയായ ജീവിതവും ചില കൂട്ടുക്കെട്ടിൽ നിന്നുള്ള ഒഴിവാകലും ഉണ്ടായിരുന്നെങ്കിൽ ഈ അത്യാഹിതം മണിക്ക് സംഭവിക്കില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ മണിയെ എത്രയോ കാലത്തേക്ക് നമുക്ക് കിട്ടിയേനെ എന്നും പിണറായി പറഞ്ഞു.

എന്നും സാധാരണക്കാരനായി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു മണി. ജനങ്ങളിൽ നിന്ന് മാറിനിൽകുന്നതാണ് തന്‍റെ താരപരിവേഷത്തിന് നല്ലതെന്ന് കരുതുന്ന ദന്തഗോപുര വാസികളായ ധാരാളം കലാകാരന്മാരുണ്ട്. അവരിൽ നിന്നൊക്കെ എത്ര വ്യത്യസ്തനായിരുന്നു മണിയെന്ന് നാം ഒാർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മണിയുടെ കുടുംബം എതിർപ്പുമായി രംഗത്തെത്തി.കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കൾ നിരാഹാര സമരം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ ഭാര്യയും മകളും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തില്ല. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല.  ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾക്കും കുടുംബത്തിന്റെ സംശയങ്ങൾക്കും തിരിച്ചടിയായി ഈ പരാമർശം എന്നു കുടുംബക്കാർ പറയുന്നു.