ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സരിത്ത് എത്തിയിരുന്നു;വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി

കൊച്ചി: സംഗീതഞ്ജന്‍ ബാലഭാസ്‌കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക് നീങ്ങുകയാണ്. ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടിരുന്നതായാണ് ഇപ്പോള്‍ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു രംഗത്തെത്തിയ ആളാണ് സോബി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സരിത്തിനെ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി വ്യക്തമാക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്നും മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. ഇത് ക്രൈംബ്രാഞ്ച് തള്ളിക്കളയുകയായിരുന്നു. 2019 ജൂണ്‍ അഞ്ചിനാണ് സോബി ഇതു സംബന്ധിച്ച് ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയത്. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി അന്ന് പറഞ്ഞിരുന്നു.അതേസമയം, ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കുമെന്നാണ് സൂചന.

Loading...