ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന് പതിനേഴുകാരനെ മര്‍ദിച്ച സംഭവം; പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന സംഭവത്തില്‍റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ പതിനേഴ് വയസ്സുകാരന്റെ ആത്മഹത്യ നടന്നിരിക്കുന്നത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിനായിരുന്നു പതിനേഴ്കാരനെ കൂട്ടുകാര്‍ ക്രൂരമായി ഒരു മണിക്കൂറുകളോളം മര്‍ദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ കേസ് എടുക്കുകയായിരുന്നു. ഗ്ലാസ് കോളനി കാട്ടുപറമ്പില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് നിഖില്‍ പോള്‍ തൂങ്ങിമരിച്ചത്.കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.കളമശേരിയില്‍ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. കുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അക്രമി സംഘങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്. പുഴത്തീരത്ത് ആള്‍ത്താമസമില്ലാത്ത വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഇവര്‍ നല്‍കിയ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാതിരുന്നപ്പോള്‍ വായില്‍ കുത്തിത്തിരുകുകയും ചെയ്തു. അതിനും അനുവദിക്കാതിരുന്നതോടെയായിരുന്നു മര്‍ദനം. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിക്കുന്നതും മെറ്റലില്‍ മുട്ടുകുത്തി ഇരുത്തി മര്‍ദിക്കുന്നതുമെല്ലാം വിഡിയോയിലൂടെ പുറത്തു വന്നിരുന്നു.

Loading...