കളിയിക്കാവിള കൊലപാതകം; പിടിയിലായ ഇജാസിന്റെ പങ്ക് പുറത്ത്

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നു. പിടിയിലായ ഇജാസിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇയാളാണെന്നാണ് തമിഴ്‌നാട് പൊലീസ് വ്യക്തമാക്കിയത്. ഇയാളെയിപ്പോള്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.ബെംഗലൂരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷ പടിയിലായത്. ക്യൂ ബ്രാഞ്ച് ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇജാസ് പാഷയാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയതെന്ന് വ്യക്തമായത്.

മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗലൂരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഒരാളാണ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

Loading...

കളിയിക്കാവിള മാര്‍ക്കറ്റിനു സമീപം വെടിവെക്കുന്നതിന് തൊട്ടുമുന്‍പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു. തമിഴ്നാട് പോലീസിന്റെ 10 പ്രത്യേകസംഘങ്ങളെ എസ്.പി. ശ്രീനാഥയാണ് നയിക്കുന്നത്.

മുഖ്യ പ്രതികളായ അബ്‌ദുൾ ഷമീമും, തൗഫീക്കും തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയോടെ നെയ്യാറ്റിൻകരയിൽ നിന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

കൊലപാതകത്തിന് രണ്ടു ദിവസം മുൻപും പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.7,8 തീയതികൾ പ്രതികൾ നെയ്യാറ്റിൻകരയിലെ വിവിധ ഭാഗങ്ങളിൽ ആളുകളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിതുരയിൽ നിന്ന് കല്യാണം കഴിച്ച കന്യാകുമാരി സ്വദേശി സെയ്‌ദ് അലിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സെയ്‌ദ് അലി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് ആസൂത്രണം നടന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.

ഇയാളുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം സെയ്‌ദ് അലിയും ഒളിവിലാണ്. പ്രതികളുടെ ബാഗ് കൈമാറ്റത്തിലെ ദുരൂഹതയും പരിശോധിച്ച് വരികയാണ്. അതേ സമയം പ്രതികളുമായി ബന്ധമുള്ള രണ്ടു പേരെ ബാംഗ്ലൂരിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ അൽ ഉമ പ്രവർത്തകരായിരുന്നുവെന്നാണ് വിലയിരുത്തൽ.