എഎസ്‌ഐയുടെ കൊലപാതകം;തീവ്രവാദിസംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കല്‍

തിരുവനന്തപുരം:തമിഴ്‌നാട്- കേരളഅതിര്‍ത്തി കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്നത് പകപോക്കലായിരുന്നുവെന്ന് പൊലീസ്. തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പക പോക്കലിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം നടന്നത്. ഒപ്പം കൊലപാതകം നടത്തിയ പ്രതികള്‍ മതതീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊലപാതക കാരണവും വ്യക്തമാകുന്നത്.
കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മാര്‍ത്താണ്ഡം പരുത്തിവിളയില്‍ വില്‍സണ്‍(57) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തക്കല തിരുവിതാംകോട് അടുപ്പുവിള പാര്‍ത്ത തെരുവില്‍ അബ്ദുള്‍ ഷമീം (25), നാഗര്‍കോവില്‍ സ്വദേശി തൗഫീക്ക് (27) എന്നിവരാണ് പ്രതികളെന്നു തമിഴ്‌നാട് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദി സംഘടനയിലെ മൂന്നുപേരെ ചെന്നൈ പോലീസ് നേരത്തേ ബെംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകം നടത്തിയശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തില്‍നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവസമയത്ത് സമീപത്തെ കടയില്‍നിന്നു സാധനം വാങ്ങിക്കൊണ്ടിരുന്നയാളും പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞു. 2014-ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷമീം. ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൗഫീക്കെന്നും പോലീസ് പറഞ്ഞു.പ്രതികള്‍ ആയുധം ഉപയോഗിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്നാട് പോലീസ്. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്പ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്നാട് പോലീസ് പറഞ്ഞു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും.

Loading...

കളിയിക്കാവിളയില്‍ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്പോസ്റ്റ്. രാത്രിയില്‍ ഒന്‍പതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികള്‍ രക്ഷപ്പെട്ട ആരാധനാലയവും ഒന്‍പതുമണിയോടെയാണ് വിജനമാകാറ്.സംഭവത്തിനുമുമ്പുതന്നെ പ്രതികള്‍ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആരാധനാലയത്തില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവര്‍ വെടിവെച്ചത്. ചെക്പോസ്റ്റിനുമുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വില്‍സന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്. തോക്കില്‍നിന്ന് പുറത്തുവന്ന ഒരു വെടിയുണ്ടപോലും ലക്ഷ്യം തെറ്റാതിരുന്നത് പ്രതികള്‍ വിദഗ്ധ ആയുധപരിശീലനം നേടിയവരാണെന്ന് തെളിയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയുതിര്‍ത്തശേഷം ആരാധനാലയത്തിന്റെ ഗേറ്റിനുള്ളിലേക്ക് ഓടിക്കയറിയ സംഘം നേരെ മറുഭാഗത്തെ റോഡിലേക്കുള്ള ഗേറ്റിലൂടെയാണ് പുറത്തേക്ക് കടക്കുന്നത്. പുറത്തെത്തിയശേഷം ഇവര്‍ വളരെ സാവധാനം നടന്നുപോകുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നത്.
തുടര്‍ന്ന് കേരളത്തിന്റെ ഭാഗത്തേക്ക് അരക്കിലോമീറ്ററോളം ദൂരം നടന്ന ഇരുവരും കാരാളി ഭാഗത്തേക്ക് പോകുന്നതായി വേബ്രിഡ്ജില്‍നിന്ന് ലഭിച്ച അവസാന സി.സി.ടി.വി.ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.

തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങള്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലകള്‍ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരില്‍ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടു പേര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവര്‍തന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി.

കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്‌ഫോടനക്കേസില്‍ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.ഇവര്‍ തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനയിലെ അംഗങ്ങളായതിനാല്‍ എന്‍.ഐ.എ.യും അന്വേഷണം നടത്തും. സംഘടനയുടെ പേര് തമിഴ്നാട് പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ചെക്പോസ്റ്റും കൊല്ലപ്പെട്ട വില്‍സന്റെ വീടും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠി സന്ദര്‍ശിച്ചു.

സംസ്ഥാനത്തും നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. പ്രതികളെ കണ്ടെത്താനുള്ള തമിഴ്നാട് പോലീസിന്റെ അന്വേഷണത്തില്‍ കേരള പോലീസും സഹകരിക്കും. വ്യാഴാഴ്ച രാവിലെ സംഭവം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠിയും തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ നടത്തി. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 25-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികളെന്നു സംശയിക്കുന്ന അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍. അഞ്ചരയടിയോളം പൊക്കവും ആനുപാതിക വണ്ണവുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2722500, 9497900999 എന്നീ നമ്പറുകളില്‍ വിവരം നല്‍കണം. വിവരം നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തില്ല.