കളിയിക്കവിള കൊലപാതകം;മുഖ്യ പ്രതികള്‍ അറസ്റ്റില്‍

കളിയിക്കാവിളയില്‍ എഎസ്സ്‌ഐയെ വെടിവെച്ച് കൊന്ന കേസ്സിലെ മുഖ്യ പ്രതികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ ഷമീമും തൗഫീക്കുമാണ് കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് പിടിയിലായിരിക്കുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രതികള്‍ക്ക് തോക്കെത്തിച്ചുകൊടുത്ത ഇജാസ് പാഷ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യപ്രതികള്‍ പിടിയിലായിരിക്കുന്നത്.

പ്രതികളെ സഹായിച്ചെന്നു സംശയിക്കുന്ന യുവാവിനായി തമിഴ്‌നാട് ക്യു ബ്രാഞ്ചും പ്രത്യേക അന്വേഷണസംഘവും വ്യാപകമായി തിരച്ചിലാരംഭിച്ചിരുന്നു. കളിയിക്കാവിള പി.പി.എം. മുക്കിനു സമീപം പുന്നയ്ക്കാവിള സ്വദേശിയായ യുവാവിനായാണ് തിരച്ചില്‍ ആരംഭിച്ചത്. അതിര്‍ത്തിപ്രദേശവും തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Loading...

കളിയിക്കാവിള സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ വിതുരയിലെ ഭാര്യവീട്ടിലാണു താമസം. തമിഴ്‌നാട് പോലീസ് സംഘം വിതുരയില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വെടിവെപ്പ് നടന്ന ദിവസം പകല്‍, പ്രദേശത്ത് ഇയാളുടെ സാന്നിധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ യുവാവിന് പ്രതികളുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ താമസസൗകര്യം ഒരുക്കിയതും കളിയിക്കാവിളയില്‍ സഹായങ്ങള്‍ ചെയ്തതും ഇയാളുടെ നേതൃത്വത്തിലെന്നാണു കണ്ടെത്തിയിരുന്നു. ഇയാളെ പിടിയിലായതോടെയാണ് പ്രതികളിലേക്ക് എത്തുന്നതിനുള്ള കൂടുതല്‍ വിവരങ്ങല്‍ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

എസ്.എസ്.ഐ.യെ വെടിവച്ചുകൊന്ന കേസിലെ രണ്ടുപ്രതികളും എത്തിയത് കളിയിക്കാവിള ചന്തയുടെ ഭാഗത്തു നിന്നെന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി 9.18-ന് സ്ഥലത്തെത്തിയ ഇരുവരും ചെക്‌പോസ്റ്റില്‍ എത്രപേര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കൃത്യം ഒരു മിനിറ്റിനുശേഷം ഇരുവരും തിരികെ നടന്നുവരുന്ന രംഗവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ കേസില്‍ ആര്യങ്കാവില്‍നിന്ന് പിടിയിലായവരെ തെങ്കാശിയില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നത് തുടരുന്നു. ആറംഗസംഘത്തെ കഴിഞ്ഞദിവസം പാലരുവിയില്‍നിന്ന് വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. നാലുപേര്‍ മാത്രമേ കസ്റ്റഡിയിലുള്ളൂവെന്നാണ് തമിഴ്നാട് പോലീസിന്റെ നിലപാട്. ഒരാള്‍ക്ക് തെങ്കാശിയില്‍ 12 വര്‍ഷം മുന്‍പ് നടന്ന കൊലപാതകവുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

കേസിലെ പ്രതികളിലൊരാളുടെ ബാഗ് കണ്ടെത്തി. നെയ്യാറ്റിന്‍കരയിലെത്തിയ പ്രതികളുടെ കൈവശം രണ്ട് ബാഗുകളുണ്ടായിരുന്നു. ഇതില്‍ ഒന്ന് ആരാധനാലയത്തിലുണ്ടായിരുന്ന ഒരാളെ ഏല്‍പ്പിച്ചിരുന്നു. ഇതാണ് ക്യു ബ്രാഞ്ച് കണ്ടെടുത്തത്. പ്രതികളുടെ വസ്ത്രങ്ങള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്.
പ്രതികളുമായി സംസാരിച്ചെന്നു കരുതുന്ന അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇവരെ ഞായറാഴ്ച രാത്രിയിലാണ് കസ്റ്റഡിയിലെടുത്തത്. എഎസ്സ്‌ഐയെ വെടി വെച്ച കൊന്ന കേസ്സില്‍ കണ്ണികള്‍ കൂടുകയാണ്. ഓരോരുത്തര്‍ പിടിയിലാകുമ്പോഴും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രതികള്‍ക്ക് സഹായം ചെയ്തിരുന്ന ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥിതീകരിച്ചിരുന്നു. പ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. തീവ്രവാദസംഘടന അല്‍ ഉലമയിലെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാന്‍ ഖാന്‍,സലിം ഖാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ബെംഗലൂരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷ പടിയിലായത്. ക്യൂ ബ്രാഞ്ച് ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇജാസ് പാഷയാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയതെന്ന് വ്യക്തമായത്. മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗലൂരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു. തമിഴ്‌നാട് പോലീസിന്റെ 10 പ്രത്യേകസംഘങ്ങളെ എസ്.പി. ശ്രീനാഥയാണ് നയിക്കുന്നത്. പ്രധാന നേതാവ് മഹബൂബ് പാഷ, മൊയ്തീന്‍ ഖാജ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് വേണ്ടി ബെംഗളൂരു ക്രൈംബ്രാഞ്ച് തിരച്ചില്‍ ശക്തമാക്കി. കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും തമിഴ്‌നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും, കൊല്ലം കളകട്രേറ്റ് സ്‌ഫോടനത്തിലും അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം.