കളിയിക്കാവിള കൊലപാതകം;പ്രതികള്‍ കുറ്റം സമ്മതിച്ചു

കളിയിക്കാവിളയിൽ പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിൽ പ്രതികളുടെ കുറ്റസമ്മതം. ഭരണ-പോലീസ് വ്യവസ്ഥിതികൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് കൊലയെന്ന് മൊഴി. കേസിൽ തെളിവെടുപ്പ് പിന്നീട്. പ്രതികളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.മുഖ്യ പ്രതികളായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ തമിഴ്നാട്ടിലെ തക്കല പോലീസ് സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.

തങ്ങൾ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് സ്വന്തമായ ആശയങ്ങളുണ്ട്. അത് നടപ്പാക്കുകയാണ് ലക്ഷ്യം. കളിയിക്കാവിളയിൽ സ്പെഷ്യൽ എസ് ഐ വിൽസണെ കൊലപ്പെടുത്തിയതും ഇതിന്റെ ഭാഗമാണ്. കൊലപാതകം ഭരണ വ്യവസ്ഥിതിക്കും പോലീസ് സംവിധാനത്തിനുമെതിരായ പോരാട്ടത്തിന്റെ ഭാഗമെന്നും പ്രതികൾ മൊഴി നൽകി. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാലാണ് പ്രതികളെ കളിയിക്കാവിളയിൽ നിന്ന് തക്കല സ്റ്റേഷനിലേക്ക് മാറ്റിയത്.

Loading...

സ്റ്റേഷനു മുന്നിൽ ആയുധധാരികളായ കമാൻഡോകളെ വിന്യസിച്ചു. വിൽസന്റെ കൊലപാതകം എന്നതിനപ്പുറം തീവ്രവാദ ബന്ധത്തെക്കുറിച്ചാണ് വിശദമായ പരിശോധന തുടരുന്നത്. ബെംഗളൂരുവിൽ ആയുധക്കടത്ത് കേസിൽ പ്രതിയായ അബ്ദുൾ സമീമിന് ഐ എസ് ബന്ധമുള്ളതായി എഫ് ഐ ആറിൽ പരാമർശമുണ്ടായിരുന്നു. ഇതും ഗൗരവമായി പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി.
സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ കൊല നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷമെ നടത്തൂ.

ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റെ തലവന്‍ എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്. അതിനാല്‍ തമിഴ്‌നാട് പൊലീസിന്റെ കമാന്‍ഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുകയാണ്.