എ​എ​സ്‌ഐ​യുടെ കൊ​ലപാതകം; ​നാലുപേര്‍ കൂടി കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: കളിയിക്കാവിള ചെ​ക്ക് പോ​സ്റ്റി​ല്‍ എ​എ​സ്‌ഐ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സില്‍ നാലുപേര്‍ കൂടി കസ്റ്റഡിയില്‍. തമിഴ്നാട് പോലിസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് നിന്നുള്ള പോലീസ് സംഘം പാലരുവിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഇവരേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, കേസിലെ മു​ഖ്യ​പ്ര​തി​ക​ളെന്ന് സംശയിക്കുന്ന തൗഫീഖ്, ഷമീം എന്നിവരുടെ കൂ​ടു​ത​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീസി​നു ല​ഭി​ച്ചു. കൊ​ല​പാ​ത​ക​ത്തി​നു മുമ്പ് ഇരുവരും ന​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

Loading...

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ജങ്ഷനി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ന​ട​ക്കു​ന്ന​ത്. റോ​ഡ​രി​കി​ല്‍ ബാ​ഗ് ഉ​പേ​ക്ഷി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. കേ​ര​ള-​ത​മി​ഴ്നാ​ട് സം​യു​ക്ത പോ​ലിസ് സം​ഘ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.ബു​ധ​നാ​ഴ്ച രാ​ത്രി 9.35-ന് ​ക​ളി​യി​ക്കാ​വി​ള ചെ​ക്പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് എ​എ​സ്‌ഐ വി​ല്‍​സ​ണെ (57) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേരളത്തിലോ, തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തുമെന്നു കരുതിയവരിലെ മുഖ്യകണ്ണികളാണ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവര്‍. കളിയാക്കവിളയിലെ കേരള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനാണ് വെടിയേറ്റ് മരിച്ചത്.

അതേസമയം മുഖംമൂടിധാരികളായ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുള്‍പ്പെടെ കേരള – തമിഴ്‌നാട് പൊലീസ് തെരച്ചില്‍ ശക്തമാക്കി. ടി.എന്‍ 57 എ.ഡബ്‌ളിയു. 1559 സ്‌കോര്‍പ്പിയോ കാറിലാണ് രണ്ടംഗ അക്രമിസംഘം കേരളത്തിലേക്ക് കടന്നത്. അക്രമി സംഘത്തിലുള്‍പ്പെട്ട ഒരാള്‍ക്ക് തമിഴ്‌നാട്ടില്‍ മൂന്ന് കൊലപാതക കേസുകളില്‍ പ്രതിയായ രാജ് കുമാറെന്നയാളോട് സാദൃശ്യമുള്ളതായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. എന്നാല്‍ തൗഫീഖ്, ഷെമീം എന്നീ രണ്ട് ക്രിമിനലുകളാണ് കൊലയാളി സംഘത്തിലുള്‍പ്പെട്ടിരുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം.

കൊലയാളികള്‍ കാറില്‍ കേരളത്തിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാറശാല പൊലീസിന്റെ സഹായത്തോടെ കേരളത്തിലെ സിസി ടിവി കാമറകള്‍ പൊലീസ് സംഘം പരിശോധിച്ചുവരികയാണ്. അക്രമി സംഘം രക്ഷപ്പെട്ട കാര്‍ കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം തമിഴ്‌നാട് പൊലീസില്‍ നിന്നുള്ള അറിയിപ്പ് അനുസരിച്ച്‌ ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം സിറ്റിയിലും റൂറലിലും ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് വാഹന പരിശോധന നടത്തിയെങ്കിലും തമിഴ്‌നാട് രജിസ്‌ട്രേഷന്‍ സ്‌കോര്‍പ്പിയോ കാര്‍ കണ്ടെത്താനായില്ല. എന്നാല്‍, കേരളത്തിലെ വാഹന പരിശോധനയെപ്പറ്റി സൂചന ലഭിച്ച അക്രമികള്‍ സ്‌കോര്‍പ്പിയോ കാറില്‍ തമിഴ്‌നാട്ടിലേക്ക് തിരികെപോയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ തമിഴ്‌നാട് പൊലീസ് തയ്യാറായിട്ടില്ല.

ചെക്ക് പോസ്റ്റ് വഴി സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മണ്ണ്, പാറ, ലഹരി വസ്തുക്കള്‍, സ്പിരിറ്റ് തുടങ്ങിയവ കടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കന്യാകുമാരി ജില്ലാ കളക്ടര്‍ പ്രശാന്ത്, ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്, തക്കല ഡി.എസ്‌പി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കിവരുന്നു.വില്‍സന്റെ മുഖത്ത് ഉള്‍പ്പെടെ അഞ്ച് ഓളം വെടിയുണ്ടകളാണ് തറച്ചു കയറിയത്. നാഗര്‍കോവില്‍ ആശാരി പള്ളം ഗവ: മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി കൊണ്ടുവരും.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് എസ്‌ഐ വില്‍സണ്‍ ( 58) ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ തീവ്രവാദ ആക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ചെക്ക് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ആറുപേര്‍ അടങ്ങിയ സംഘമാണ് ആക്രമണം നടത്തുക എന്ന രീതിയിലാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. ഈ റിപ്പോര്‍ട്ട് കേരളത്തിനും തമിഴ്‌നാടിനും ലഭ്യമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ തന്നെയാണ് എസ്‌ഐ വധവും നടക്കുന്നത്.

ഇന്റലിജന്‍സ് നല്‍കിയ ഫോട്ടോകളില്‍ പെടുന്ന രണ്ടു പേര്‍ തന്നെയാണ് എസ്‌ഐയെ വെടിവെച്ച്‌ കൊന്നത് എന്ന് സംശയമുണ്ട്. തീവ്രവാദ ബന്ധമുള്ള നാല് പേരാണ് എസ്‌ഐയെ വെടിവെച്ച്‌ കൊന്നതിന്റെ പിന്നിലുള്ളത് എന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. ആക്രമണത്തിന്നൊരുങ്ങി വന്ന നാല് പേരില്‍ ആക്രമണം നടത്താന്‍ വെളിയില്‍ വന്നത് രണ്ടു പേര്‍ മാത്രമാണ്. കന്യാകുമാരിയില്‍ ബിജെപി നേതാവിനെ കൊന്ന കേസിലെ പ്രതിയാണ് തൗഫീഖ്. ചെന്നൈയിലെ വര്‍ഗ്ഗീയ കലാപ കേസിലെ പ്രതിയാണ് ഷമീം. ഇരുവര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിലേയും കേരളത്തിലെ ഡിജിപിമാര്‍ കൂടിക്കാഴ് നടത്തിയത്. കേസ് അന്വേഷണത്തില്‍ കേരളവും സഹായിക്കും.