മര്‍ദ്ദനത്തിനിടെ കുതറി ഓടിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്, അല്ലെങ്കില്‍ കൊല്ലപ്പെട്ടേനെ… കല്ലട ബസ്സില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ അജയഘോഷ്

കൊച്ചി: കല്ലട ബസ്സില്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് മര്‍ദ്ദനത്തിനിരയായ അജയഘോഷ്. ഓടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേനേ എന്നും അജയഘോഷ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടാവുകയും തുടര്‍ന്ന് ബദല്‍ സംവിധാനം ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനാണ് അജയഘോഷ് അടക്കമുള്ള മൂന്നുപേരെ ബസ്സിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ബദല്‍ സംവിധാനം ആവശ്യപ്പെട്ട് കല്ലടയുടെ വൈറ്റില ഓഫീസില്‍ വിളിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു എന്ന് അജയഘോഷ് പറയുന്നു.

മെക്കാനിക് വന്നാല്‍ 2000 രൂപയ്ക്ക് തീരേണ്ട കാര്യം വേറെ ബസ്സിട്ടാല്‍ 30,000 രൂപ ചെലവ് വരും, നീയൊക്കെ അവിടെ കിടക്ക്’ എന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പിയെ വിളിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഹരിപ്പാട് സി.ഐ സാബു സെബാസ്റ്റ്യന്‍ സ്ഥലത്തെത്തി. സി.ഐ കര്‍ശന നിലപാടെടുത്തതോടെ വൈറ്റില ഓഫീസില്‍ നിന്നും മറ്റൊരു ബസ് വിട്ടു നല്‍കി.

ഹരിപ്പാട് നിന്നും ബസ്സില്‍ കയറിയതിനു ശേഷം ജീവനക്കാര്‍ മര്‍ദ്ദിക്കാന്‍ തുനിയുകയും കൂടെ യാത്ര ചെയ്തിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഇവരെ പിടിച്ചു മാറ്റുകയുമായിരുന്നു. തുടര്‍ന്ന് വൈറ്റിലയില്‍ എത്തിയപ്പോഴാണ് പൊലീസ് ആണെന്ന് പറഞ്ഞ് ചിലര്‍ ബസ്സില്‍ കയറി ഫോണ്‍ പിടിച്ചു വാങ്ങി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.