ഷെയിന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് കമല്‍

ചലച്ചിത്ര നടന്‍ ഷെയിന്‍ നിഗത്തിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് മുതിര്‍ന്ന സംവിധായകന്‍ കമല്‍. ഷെയിന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമായിരുന്നു, നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം. നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളും നടന്മാര്‍ മനസിലാക്കണമെന്നും കമല്‍ പറഞ്ഞു.

ഷെയിനെ വിലക്കിയാല്‍ ആദ്യം അതിനെതിരെ പ്രതികരിക്കുന്നത് താനായിരിക്കുമെന്നും കമല്‍ വ്യക്തമാക്കി.വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. 3 ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അമ്മയുടെ ഭാരവാഹികള്‍ നല്‍കുന്ന സൂചന. വെയില്‍ , ഖുര്‍ബാനി, ഉല്ലാസം എമ്മീ സിനിമകള്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിനിന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Loading...

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു പിന്നീട് നിലപാട് തിരുത്തിയെങ്കിലും താരങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശമിച്ചിട്ടില്ല.

ഇടവേള ബാബു നിര്‍മ്മാതാക്കളുടെ പ്രതിനിധിയെ പോലെയാണ് പെരുമാറിയതെന്ന ആക്ഷേപമാണ് താരങ്ങള്‍ക്കുള്ളത്. ഇക്കാര്യം സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമവായത്തിന് ലാല്‍ തന്നെയിപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ലാലിന്റെ ശ്രമം. മോഹന്‍ലാല്‍ തങ്ങളോടൊപ്പം ആണെന്ന് ഷെയിന്‍ നിഗത്തിന്റെ മാതാവ് സുനിലാ ഹബീബും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു അവരുടെ പ്രതികരണം. ഇടവേള ബാബുവില്‍ നിന്നും നീതി കിട്ടില്ലന്ന് കണ്ടാണ് സുനിലാ ഹബീബ് ലാലിനെ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

നിലവില്‍ പ്രതിസന്ധിയിലായ വെയില്‍, കുര്‍ബാനി സിനിമകള്‍ ഷെയിന്‍ പൂര്‍ത്തിയാക്കുമെന്ന നിര്‍ദ്ദേശം മോഹന്‍ലാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഈ സിനിമ ഉപേക്ഷിച്ച നടപടി പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന്റെ ഭാഗത്ത് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും വിലക്കിയ നടപടി അംഗീകരിക്കില്ലന്ന നിലപാടിലാണ് താര സംഘടന. ഇക്കാര്യത്തില്‍ സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ഒറ്റക്കെട്ടാണ്. നടന്‍ സലീം കുമാറും, ജോയ് മാത്യുവും പരസ്യമായാണ് വിലക്കിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വിലക്കിന് പിന്നില്‍ ഷെയിനിന്റെ ഭാവി നശിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും താരങ്ങള്‍ സംശയിക്കുന്നുണ്ട്.ഒരു സംവിധായകന്‍ പുറത്ത് വിട്ട തെളിവുകളാണ് ഇത്തരമൊരു സംശയത്തിന് ആധാരമായിരിക്കുന്നത്.

സംവിധായകന്‍ സാജിദ് യഹിയ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഷെയ്‌നെതിരെ പെയിഡ് ന്യൂസ് നല്‍കാന്‍ ബന്ധപ്പെട്ട ഒരു വ്യക്തിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവച്ചാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വെളിപ്പെടുത്തലാണ് ഷെയിനിനിപ്പോള്‍ തുണയായിരിക്കുന്നത്.

അതേസമയം ഷെയിനിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സര്‍ക്കാറും നിലവില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും വിലക്ക് അംഗീകരിക്കില്ലന്നാണ് നിയമമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിനിമാ സെറ്റില്‍ താരങ്ങള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തലും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്.