അന്നത്തെ കാലഘട്ടത്തിലെ മാതൃകാ കാമുകീ കാമുകന്‍മാരും ഭാര്യാ ഭര്‍ത്താക്കന്മാരുമായാണ് ഞങ്ങളെ പ്രേക്ഷകര്‍ കണ്ടത്; പക്ഷെ… ;ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് കമല്‍ ഹാസന്‍ തുറന്നെഴുതുന്നു

തമിഴ് മാസികയായ ആനന്ദവികടനിലെഴുതിയ ലേഖനത്തില്‍ താനും ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് കമല്‍ ഹാസന്‍ തുറന്നെഴുതുന്നു. ആ കാലങ്ങളില്‍ കമിതാക്കളെയും ദമ്പതികളെയും ഞങ്ങളുമായാണ് താരതമ്യം ചെയ്യാറുണ്ടായിരുന്നത്. കാണാന്‍ ശ്രീദേവിയേയും കമലിനെയും പോലെയുണ്ടെന്ന് പറയും. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ അവരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു.

ശ്രീദേവി എനിക്ക് എന്റെ അനിയത്തിയെ പോലെ ആയിരുന്നു. ഞങ്ങളുടെ സിനിമകളെ സൂക്ഷ്മം നിരീക്ഷിച്ചാല്‍ മനസ്സിലാകും ഞങ്ങള്‍ നല്ല കൂടപ്പിറപ്പുകളായിരുന്നു എന്ന്. ശ്രീദേവിയുടെ അഭിനയത്തില്‍ എന്റെ പ്രതിരൂപം പലപ്പോഴും കാണാന്‍ സാധിക്കും.

സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുമായി അടുപ്പമുള്ളവര്‍ക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം. എന്നാല്‍ അത് മറ്റാരുമായി പങ്കുവയ്ക്കരുതെന്ന് അവര്‍ പറഞ്ഞിരുന്നു.

ഒരുമിച്ച് മൂന്നു നാല് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ വേറെ നായികയെ വേണമെന്ന് തനിക്കും വേറെ നായകനെ വേണമെന്ന് ശ്രീദേവിക്കും തോന്നിയിരുന്നെങ്കിലും നിര്‍മ്മാതാക്കളോ സംവിധായകരോ തങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ തങ്ങള്‍ തന്നെ നായികാനായകന്മാര്‍ എന്ന് തീരുമാനിക്കുകയാണ് പതിവെന്നും കമല്‍ ഹാസന്‍ പറയുന്നു.

ശ്രീദേവിയുടെ മരണവാര്‍ത്തയറിഞ്ഞ് പല മുതിര്‍ന്ന താരങ്ങളും തന്നെ വിളിച്ചു കരഞ്ഞിരുന്നുവെന്നും കമല്‍ എഴുതുന്നു. ശ്രീദേവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണേ കലൈമാനെ എന്ന താരാട്ട് പാട്ടാണ് എന്റെ മനസിലുള്ളതെന്നും കമല്‍ പറയുന്നു.