രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു: കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന വാദം വലതു പക്ഷത്തിന് നിഷേധിക്കാനാവില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുന്ന വര്‍ഗീയവത്കരണത്തെ കുറിച്ച് തന്റെ നിലപാട് ആരാഞ്ഞ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയായാണ് കമല്‍ഹാസന്റെ പ്രതികരണം .

സാമൂഹിക നീതി നിലനിര്‍ത്തുന്നതില്‍ തമിഴ്‌നാട് വീണ്ടും മാതൃ കാണിക്കുകയാണ്. ഇതിന് തമിഴ്‌നാടിന് വഴി കാട്ടിയ കേരളത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ തമിഴ് വാര്‍ത്താ വാരികയായ ആനന്ദവികടനിലെ സ്ഥിരം പംക്തിയിലൂടെയാണ് കമല്‍ഹാസന്റെ അഭിപ്രായപ്രകടനം.

നേരത്തെ ഹിന്ദു, വലത് സംഘടനകള്‍ അക്രമത്തെ പിന്തുണച്ചിരുന്നില്ല. എതിര്‍കക്ഷികളെ ആശയപരമായി നേരിടാനായിരുന്നു അവര്‍ തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ മസില്‍ പവര്‍ കാണിക്കാനാണ് അവരുടെ ശ്രമം.

തീവ്രവാദ കേസുകളിലൊന്നും ഹിന്ദുക്കളെ കുറ്റക്കാരായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന പ്രതിവാദത്തിനും കമല്‍ഹാന്‍ മറുപടി നല്‍കി. വലത് സംഘടനകളെ തീവ്രവാദം ബാധിച്ചിട്ടില്ലെന്ന കാര്യം അവര്‍ക്ക് പോലും നിഷേധിക്കാനാവില്ല. വലത് സംഘടനാ ക്യാമ്പുകളേയും ഇത് ബാധിച്ചിട്ടുണ്ടെന്നും ഇത് നല്ലതിനാവില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.