ബിബിസി അഭിമുഖം കണ്ടിരുന്നു,നമുക്ക് ഇംഗ്ലീഷില്‍ സംസാരിക്കാം, മന്ത്രി ശൈലജയോട് കമലഹാസന്‍

ആരോഗ്യമന്ത്രി കെകെ ശൈലജയോട് കൊവിഡ് പ്രതിരോധത്തിലെ മാതൃകയെക്കുറിച്ച് സംവദിച്ച് നടന്‍ കമല്‍ഹാസന്‍. വീഡിയോ കോളിലൂടെയാണ് കമല്‍ഹാസന്‍ മന്ത്രിയുമായി സംസാരിച്ചത്. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുറത്ത് വിട്ടത്. സംഭാഷണം മറ്റുള്ളവരും കാണുമോ ഏത് ഭാഷയില്‍ സംസാരിക്കണം എന്ന ശൈലജ ടീച്ചറുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമല്‍ഹാസന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് നടത്തിയ സംഭാഷണത്തില്‍ കേരളം പല സമയത്ത് സ്വീകരിച്ച കരുതല്‍ നടപടികളെക്കുറിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തു. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കമല്‍ഹാസന്‍ നേരത്തെയും രംഗത്ത് എത്തിയിരുന്നു. ‘എന്റെ കേരളസര്‍ക്കാര്‍’ എന്ന് പറയുമെന്നും കേരള മാതൃകയില്‍ നിന്ന് തമിഴ്‌നാടിന് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘മാനവ വികസന സൂചികയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ത്തന്നെ മികച്ച പൊതു ആരോഗ്യ സംവിധാനമുണ്ട് കേരളത്തില്‍. കൊവിഡിന്റെ കാര്യത്തില്‍ മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് സഹായകരമായത്’ എന്നും മന്ത്രി പറഞ്ഞു. സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്കണോമിക്‌സ് ആന്‍ഡ് പോളിസ് സ്ഥാപകന്‍ ഡോ: രമണന്‍ ലക്ഷ്മിനാരായണന്‍, സൈക്കാട്രിസ്റ്റ് ഡോ: ശാലിനി എന്നിവരുമായും കമല്‍ഹാസന്‍ സംസാരിച്ചിരുന്നു.

Loading...