ഡെലവര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ്. സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളെന്ന് ട്രംപ് എന്നാണ് കമലാ ഹാരിസ് കുറ്റപ്പെടുത്തിയത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലായിരുന്നു കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്. അമേരിക്ക ഒരു നേതാവിന് വേണ്ടി കരയുകയാണെന്നും കമല കൂട്ടിച്ചേര്‍ത്തു. ”ശല്യക്കാരിയായ സെനറ്ററാണ് കമല”, എന്ന് നേരത്തെ ട്രംപ് ആക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കമലാ ഹാരിസ് ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്.
ജോ ബൈഡന്റെ സ്വന്തം നാടായ ഡെലവറിലെ വില്‍മിംഗ്ടണിലായിരുന്നു കമലാഹാരിസുമൊത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി നടന്നത്. വ്യാഴാഴ്ച തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജോ ബൈഡന്‍ കമലയെ നാമനിര്‍ദേശം ചെയ്തപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു ചവിട്ടുപടി ആവുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും, ആഫ്രിക്കന്‍ വനിതയുമാണ് കമലാ ഹാരിസ്.കമലയുടെ അച്ഛന്‍ ജമൈക്കന്‍ സ്വദേശിയായിരുന്ന ഡോണള്‍ഡ് ഹാരിസാണ്. അമ്മ ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലന്‍ ഹാരിസ്.
എറിക് ഗാര്‍നറെന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസംമുട്ടിച്ചുകൊന്ന പൊലീസിനെതിരെ അമേരിക്കയിലെമ്പാടും പ്രതിഷേധം അലയടിക്കുകയും, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന വന്‍പ്രക്ഷോഭം അരങ്ങേറുകയും ചെയ്ത അമേരിക്കയില്‍ കമലാഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനും ചരിത്രപ്രാധാന്യമുണ്ട്. വിജയിച്ചാല്‍ അത് ഇന്ത്യയ്ക്കും അഭിമാനനിമിഷമാകും.കൊവിഡ് പ്രതിരോധം ഉയര്‍ത്തിക്കാട്ടിയാണ് കമലാഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്നത്. എബോള രോഗബാധയുണ്ടായപ്പോള്‍, മരിച്ചത് വെറും രണ്ട് അമേരിക്കക്കാര്‍ മാത്രമായിരുന്നുവെന്നും, അന്ന് പ്രസിഡന്റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്റ് ബൈഡനുമായിരുന്നുവെന്ന് കമല ഓര്‍മിപ്പിക്കുന്നു. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനില്‍പ്പ് ട്രംപ് താളം തെറ്റിച്ചെന്നും കമല.