കമല്‍ഹാസന്‍ നായകനായ ഉത്തമ വില്ലനെതിരെ വി.എച്ച്.പിയോടൊപ്പം മുസ്ലീം സംഘടനയും

ചെന്നൈ: കമല്‍ഹാസന്‍ നായകനായ ‘ഉത്തമ വില്ലന്‍’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതിന് വിശ്വ ഹിന്ദു പരിഷത്തിന് പിന്തുണയുമായി മുസ്‌ളീം സംഘടന. ചിത്രത്തിനെതിരെ ഇസ്ലാം സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) രംഗത്തെത്തി. വിവിധ മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണ് ചിത്രമെന്നും പബ്‌ളിസിറ്റിക്കു വേണ്ടി കമല്‍ഹാസന്‍ നടത്തുന്ന തരംതാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഐ.എന്‍.എല്‍ സെക്രട്ടറി എം.നസീര്‍ ആവശ്യപ്പെട്ടു. കമല്‍ഹാസന്രെ ‘വിശ്വരൂപം’ എന്ന ചിത്രം മുസ്ലീം മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു. ഇപ്പോള്‍, ‘ഉത്തമ വില്ലന്‍’ ഹിന്ദുമത വിശ്വാസികളുടെ വികാരത്തെവെച്ച് കളിക്കുകയാണെന്നും ഐ.എന്‍.എല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ചിത്രത്തിലെ ഒരു ഗാനരംഗം ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദുപരിഷത്ത് തമിഴ് ഘടകം ചിത്രത്തിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. വിഷ്ണു ഭക്തനായ പ്രഹ്‌ളാദനും പിതാവ് ഹിരണ്യകശിപുവും തമ്മിലുള്ള സംഭാഷണത്തിലൂടെ ഹിന്ദുമതത്തെ അവഹേളിക്കാന്‍ ശ്രമിച്ചുവെന്നാണ് സംഘടനയുടെ ആരോപണം. ചിത്രത്തിലെ ‘ഇറാനിയന്‍ നാടകം’ എന്ന ഗാനത്തിന്റെ വരികളാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചത്. ഇത് വിഷ്ണു ഭക്തരുടെ വികാരങ്ങള്‍ക്ക് എതിരാണെന്ന് വി.എച്ച്.പി ആരോപിക്കുന്നു. ഈ ഗാനരംഗം ഉള്ളതിനാല്‍ ചിത്രം നിരോധിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.

Loading...

‘ഉത്തമ വില്ലന്‍’ ഒരു നാടക നടന്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി മാറുന്ന കഥയാണ് വിവരിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

മത-സാമുദായിക സംഘടനകള്‍ ചിത്രങ്ങള്‍ക്കെതിരെ വിവാദങ്ങളുമായി രംഗത്തെത്തുന്നത് ഒരുപതിവായിരിക്കുകയാണ്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത് റിലീസിനെ ബാധിക്കാന്‍ ഇടയുണ്ടെന്നും കോളിവുഡില്‍ നിന്നും വാര്‍ത്തകളുണ്ട്.