ബോള്‍ട്ടിനെ വെല്ലും വേഗതാരം ട്രാക്കിലോടും;സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് ശ്രീനിവാസ ഗൗഡ

ചെന്നൈ: ശ്രീനിവാസ ഗൗഡയുടെ എല്ലാ വിജയത്തിനും കാരണം ഒരു കാളയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീനിവാസ ഗൗഡ. ട്രാക്കിലോ ഗ്രൗണ്ടിലോ ഓടിയല്ല ശ്രീനിവാസ ഗൗഡ താരമായത്. കമ്പള മത്സരത്തില്‍ ചെളിയില്‍ നിറഞ്ഞ പാടത്തിലൂടെ ഓടിയാണ് ഗൗഡ ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് മറികടന്നത്. വീഡിയോ നിരവധി ആള്‍ക്കാരാണ് ഷെയര്‍ ചെയ്തത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അടക്കം വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഗൗഡയെ ദില്ലിയില്‍ സായ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ നേരത്തെ ട്രാക്കിലോടാനുള്ള ക്ഷണം ഗൗഡ നിരസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് ഗൗഡ സമ്മതിക്കുകയായിരുന്നു.

നേരത്തെ ശ്രീനിവാസ ഗൗഡ പങ്കെടുക്കില്ലെന്ന് അറിയിച്ചപ്പോള്‍ ആരാധകര്‍ എല്ലാം നിരാശരായിരുന്നു. ഒന്ന് പരീക്ഷിക്കാമായിരുന്നുവെന്നാണ് നിരവധി ആരാധകര്‍ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ആഗ്രഹിച്ച പോലെ തന്നെ കമ്പള മത്സരത്തിലെ വേഗമേറിയ താരം ശ്രീനിവാസ ഗൗഡ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.അടുത്ത മാസം ആദ്യ വാരം വരെ ഗൗഡ കമ്പള മത്സരത്തിന്റെ തിരക്കിലായിരിക്കും. അത് കഴിഞ്ഞ് ട്രയല്‍സില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ചെളിയില്‍ ഓടുന്ന പോലെ ട്രാക്കില്‍ ഓടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഗൗഡ പ്രതികരിച്ചു.

Loading...

ചളിയിലൂടെ പോത്തുകള്‍ക്കൊപ്പം ഓടി സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തിരുത്തിയ താരമാണ് ശ്രീനിവാസ ഗൗഡ. അദ്ദേഹത്തിന്റെ കഴിവ് ഒളിംമ്പിക്‌സിലെത്തിക്കാന്‍ മികച്ച പരിശീലനം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് സായ് സംഘടിപ്പിക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം എത്തിയത്.മത്സരത്തില്‍ 142 മീറ്റര്‍ ദൂരം താണ്ടാന്‍ ശ്രീനിവാസക്ക് വേണ്ടി വന്നത് 13.42 സെക്കന്‍ഡ്. ഇതുപ്രകാരം 100 മീറ്റര്‍ 9.55 സെക്കന്‍ഡില്‍ ശ്രീനിവാസ ഓടിയെന്നാണ് കണക്ക്. 100 മീറ്ററില്‍ ലോകറെക്കോര്‍ഡിന് ഉടമയായ ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ബോള്‍ട്ടിന്റെ മികച്ച സമയം 9.58 സെക്കന്‍ഡാണ്. ഇതോടെ, ഒരു രാത്രി കൊണ്ട് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ശ്രദ്ധാകേന്ദ്രമായി ശ്രീനിവാസ ഗൗഡ മാറി.2019 ല്‍ മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകനും ഇതുപോലെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നൂറ് മീറ്റര്‍ ദൂരം നഗ്നപാദനായി 11 സെക്കന്‍ഡ്‌സില്‍ ഓടിയ രാമേശ്വര്‍ ഗുജാറായിരുന്നു കായിക മന്ത്രാലയത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഉടനെ ടിടി നഗര്‍ സ്റ്റേഡിയത്തില്‍ സായി പരിശീലകരുടെ നേതൃത്വത്തില്‍ രാമേശ്വറിന് ട്രയല്‍സ് സംഘടിപ്പിച്ചു. എന്നാല്‍, പെട്ടെന്നുണ്ടായ പ്രശസ്തിയുടെ സമ്മര്‍ദത്തില്‍ രാമേശ്വര്‍ പ്രതീക്ഷക്കൊത്തുയരാതെ പോയിരുന്നു.