കനകദുര്‍ഗയുടെ ഗൃഹ പ്രവേശനം ഇനിയും വൈകും; മഹിളാ മന്ദിരത്തില്‍ തന്നെ തുടരും

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഭര്‍തൃ വീട്ടുകാര്‍ ഇറക്കി വിട്ട കനകദുര്‍ഗ മഹിളാ മന്ദിരത്തില്‍ തന്നെ തുടരും. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ സംരക്ഷിച്ച് കഴിയാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് കനക ദുര്‍ഗ കോടതിയെ സമീപിച്ചിരുന്നു. കനകദുര്‍ഗയുടെ വാദം കേട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു.

ആഭ്യന്തര ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട വാദങ്ങള്‍ രണ്ട് മണിക്കൂറോളമാണ് കോടതി കേട്ടത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

Loading...

കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയതോടെ കനത്ത സുരക്ഷയില്‍ കനകദുര്‍ഗയെ മഹിളാ മന്ദിരത്തില്‍ തിരികെ എത്തിക്കുകയായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ കനക ദുര്‍ഗയെ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃവീട്ടുകാരും സഹോദരനും തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.