പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; കാനം

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തമായ വിവാദങ്ങളാണ് സംസഥാനത്ത് ഉയരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് ലൈഫ് പദ്ധതിയില്‍ ഇരുവിഭാഗങ്ങളുടേയും അവകാശവാദങ്ങളെ ചൂണ്ടിക്കാട്ടി കാനം പ്രതികരിച്ചു.

ഈ പദ്ധതിക്ക് വേണ്ടി വളരെ തുച്ഛമായ ഫണ്ട് മാത്രമാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയത്. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് പദ്ധതിയില്‍ അവകാശവാദമുന്നയിച്ച് ബിജെപിയും പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്നും ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിഹിതം വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു.

Loading...

പിണറായി സര്‍ക്കാരിന്റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും രംഗത്തെത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സര്‍ക്കാര്‍ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

രാജ്യത്ത് ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം വളരെ വേഗം അടുക്കുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം വീട് മാത്രമല്ല നല്‍കുന്നത്. വീടിനൊപ്പം ജീവനോപാധിയും ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ്. ലൈഫ് കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ലൈഫിന്റെ ആദ്യ ഘട്ടത്തില്‍ വീടു പണി പാതി വഴിയില്‍ മുടങ്ങിയവര്‍ക്ക് 650 കോടി രൂപയാണ് വീട് നിര്‍മിക്കാനായി സര്‍ക്കാര്‍ നല്‍കിയത്. സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ വീട് നിര്‍മാണത്തിന് 5800 കോടി രൂപ ചെലവഴിച്ചു. മൂന്നാം ഘട്ടത്തില്‍ ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്. 28 സ്ഥലത്ത് ഭവന സമുച്ചയം നിര്‍മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി. 1,06,000 പേര്‍ക്കാണ് ഫ്ളാറ്റുകള്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മഹത്തായ നേട്ടമാണ് ലൈഫ് പദ്ധതിയെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ വില കുറച്ചു കാണുന്നവര്‍ നാടിന്റെ അപമാനകരമായ ചരിത്രത്തിന്റെ ഭാഗമാവും. രണ്ടു ലക്ഷം ഭവനം പൂര്‍ത്തീകരിക്കാനായത് ചരിത്ര സംഭവമാണെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സി. ഇ. ഒ യു. വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങ് നടക്കുന്ന സമയം വരെ 2,14,262 വീടുകള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും ലൈഫ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.