തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത് ലഹരി മരുന്ന് കേസിലല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റും സർക്കാരിനെ തകർക്കാനുള്ള ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമരുന്നു ഇടപാടുകൾക്കു പണം കൈമാറിയ കേസിൽ ബിനീഷിനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.
അതേസമയം മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.
തനിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അനൂപിന് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ബിനീഷ് കോടിയേരി വന്‍ തുകകള്‍ ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്ബ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഇഡി പറയുന്നു.