സോഷ്യല്‍മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ച ഒരാള്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് ഗുരുവായൂര്‍ സ്വദേശി

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കിലൂടെ ഹനാനെ വിശ്വനാഥന്‍ അശ്ലീല പരാമര്‍ശം നടത്തി അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യും.

ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് ഇന്നലെ അറസ്റ്റിലായിരുന്നു. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്. ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ കൊച്ചിയിലാണ് താമസം. പാലാരിവട്ടത്ത് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.

Loading...

അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വീഡിയോയില്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വീഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വീഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍‌ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.