കര്‍ണാടകയുടെ വിധി ഇന്നറിയാം, ഭരണം തുടരാനാകുമെന്ന വിശ്വാസത്തിൽ ബിജെപി, പിടിച്ചെടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് (73.19%) ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചിച്ചതോടെ ഫലപ്രഖ്യാപനം ഏറെ ആകാംക്ഷ നിറയുന്നതാണ്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ അഞ്ചെണ്ണം തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റുമെന്നാണ് ബിജെപി ഉറപ്പിച്ചു പറയുന്നു. സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താനുള്ള സീറ്റുകൾ ബിജെപി പാർട്ടിക്ക് കിട്ടുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവകാശപ്പെട്ടു. ”ഓരോ എക്സിറ്റ് പോളുകളും വ്യത്യസ്ത കണക്കുകളാണ് കാണിക്കുന്നത്. പക്ഷേ, സമ്പൂർണ്ണ ഗ്രൗണ്ട് റിപ്പോർട്ട് ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Loading...

2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും. ജെ.ഡി.എസ് ഇരുപതിലേറെ സീറ്റുകള്‍ നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇതോടെ ജെ.ഡി.എസ് കിങ് മേക്കറാകുമോ എന്നതും ഏറെ നിര്‍ണായകമാണ്. എക്സിറ്റ് പോളുകള്‍ തള്ളിയ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ്. ഒറ്റയ്ക്ക് ഭരണം നേടാന്‍ ജനവിധി അനുവദിക്കുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസും പങ്കുവയ്ക്കുന്നു.