മുതിര്‍ന്ന നേതാവിനു ജീവഹാനി ഉണ്ടാകുമെന്നു കാണിപ്പയ്യൂരിന്റെ പ്രവചനം

തൃശൂർ:അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും ഒരു മുതിർന്ന നേതാവിൻ്റെ അകാലവിയോഗവും പ്രവചിച്ച് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ 2018 ലെ വിഷുഫലം. ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലുള്ള അപകടങ്ങളുണ്ടാകുമെന്നാണ് ഫലത്തിൽ പറയുന്നത്. കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും സൂചിപ്പിക്കുന്നു.

2018 ഏപ്രിൽ 14, 1193 മേടം 1 ശനിയാഴ്ച പകൽ 8 മണി 13 മിനിറ്റിന് മേടസംക്രമം, വിഷുസംക്രമം കുറിച്ചാണ് വിഷുഫലം തുടങ്ങിയിട്ടുള്ളത്. ഉത്രട്ടാതി നക്ഷത്രത്തിലും ത്രയോദശി തിഥിയിലും സുരഭിക്കരണത്തിലും മാഹേന്ദ്രനാമ നിത്യയോഗത്തിലും ശനിയാഴ്ചയും മാർച്ച് 18നു തുടങ്ങിയ ചൈത്രമാസം ഞായറാഴ്ചയും ആയതിനാൽ തിരുവാതിര ഞാറ്റുവേല ജൂൺ 22 നു പകൽ ആയിരിക്കും. മേടം 1-ാം തിയതി മുതൽ ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ, വാരാധിപന്മാരുടെ സ്ഥിതിഗതികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യത്തിൽ വർഷക്കുറവും പിന്നീട് നല്ല മഴയും ലഭിക്കുമെന്നും വിഷുഫലത്തിൽ പറയുന്നു.

Loading...

മെയ് 2 മുതൽ കാർമേഘം വർദ്ധിച്ചു തുടങ്ങി, 9 മുതൽ 27 വരെ പല പ്രദേശങ്ങളിലുമായി ചെറിയ തോതിൽ രാത്രിയിൽ മഴയുണ്ടാകും. ഇതു തുടരുമെങ്കിലും ജൂൺ 8 മുതൽ മഴ കുറയും. ജൂൺ 10 മുതൽ 25 വരെ വായുസമ്മർദ്ദത്താൽ കാർമേഘം കുറയും. ശക്തിയായ കാറ്റിനാൽ കാലവർഷക്കെടുതികൾ ഉണ്ടാകും. ജൂൺ 25 മുതൽ ജൂലൈ 4 വരെ ഉചിതമായ കാലവർഷം ലഭിക്കും. കർക്കടകമാസത്തിൽ ആഗസ്റ്റ് 1 വരെ മഴ കുറയും. പിന്നീട് ഭേദപ്പെട്ട മഴയുണ്ടാകും. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ ധാന്യവിളകൾക്കും കിഴങ്ങു വിളകൾക്കും അനുകൂലമാകുംവിധം മഴ ലഭിക്കും.

ഒക്ടോബർ 6 മുതൽ 26 വരെ തുലാവർഷം പ്രതീക്ഷിക്കാം. 2019 ജനുവരി 1 മുതൽ 20 വരെ ശക്തിയായ കാറ്റ്, ചെറിയ തോതിൽ അപ്രതീക്ഷിതമായ മഴയെ സൃഷ്ടിക്കും. മാർച്ച് 21 മുതൽ ഏപ്രിൽ 11 വരെ വേനൽമഴയും പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം വനപർവ്വതങ്ങളിൽ ലഭിച്ച മഴയെ അപേക്ഷിച്ച് ഈ വർഷം കുറവ് ഉണ്ടാകുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിലും വിതരണത്തിലും വിൽപനയിലും വളരെ നിയന്ത്രണവും നിബന്ധനകളും വേണ്ടിവരും. വൃക്ഷങ്ങളുടെ ദേവത ശുക്രനായതിനാലും, സസ്യങ്ങളുടെ ദേവത ചന്ദ്രനായതിനാലും കാർഷിക മേഖലകൾക്ക് അനുകൂലമായ കാലാവസ്ഥയും, ഗവൺമെന്റ് സഹായങ്ങളും ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങൾ കാർഷികമേഖലകളിൽ പ്രവേശിക്കുന്നതുവഴി പലമേഖലകളിലും സ്വയംപര്യാപ്തത കൈവരും.

വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നിന്നുമുണ്ടാകും. അനുബന്ധമായി ഭാരതീയ ശാസ്ത്ര വൈജ്ഞാനിക മേഖലകൾ സമന്വയിപ്പിക്കുവാനും സാധ്യതയുണ്ട്.മണ്ഡലം, വരുണമണ്ഡലമാകയാല്‍ ലോകാഭിവൃദ്ധി എന്ന പദം കൊണ്ടു പൊതുവെയുള്ള മാന്ദ്യമായ അവസ്ഥയെ അതിജീവിക്കും. സാമ്പത്തികമാന്ദ്യം തരണം ചെയ്ത് ക്രമാനുഗതമായ പുരോഗതി എല്ലാ മേഖലകളിലും വന്നുചേരും. സാമ്പത്തിക നിയമവ്യവസ്ഥകളിൽ ചില ഇളവുകളും ഉണ്ടാകും. നീതിയുക്തവും, ജനഹിതവുമായ ഭരണം കാഴ്ചവയ്ക്കുന്നതിനാൽ ഭരണകർത്താക്കളിലുള്ള അതൃപ്തി കുറയും.

പശുനാശം എന്നു പലവിധത്തിലും സൂചന ലഭിക്കുന്നതിനാൽ പാലിനും പാലുൽപന്നങ്ങൾക്കും കുറവുണ്ടാകും. ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ദിക്കിൽ പല പ്രകാരത്തിലും അപകടങ്ങൾ, കാറ്റ്, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ നാശനഷ്ടങ്ങൾക്കു വഴിയൊരുക്കും. അപ്രതീക്ഷിതമായി സമീപരാഷ്ട്രത്തിൽ നിന്നുമുള്ള ആക്രമണത്തിൽ ജീവഹാനിയും പ്രതീക്ഷിക്കാം. ഒരു മുതിർന്ന നേതാവിന് അകാലവിയോഗം ഉണ്ടാകും. പദാർത്ഥങ്ങൾക്ക് മെയ് 15 മുതൽ ഒരു മാസവും സെപ്റ്റംബർ 17 മുതൽ ഒരു മാസവും വില അധികവും, ജൂൺ 16 മുതൽ രണ്ടുമാസവും നവംബർ 17 മുതൽ രണ്ടുമാസവും, 2019 ഫെബ്രുവരി 12 മുതൽ രണ്ടുമാസവും വിലക്കുറവും, മറ്റു മാസങ്ങളിൽ സമനിലയിലുമായിരിക്കും.