കടുത്ത വേദനയില്‍ മരുന്ന് ഫലപ്രദമായില്ല ; ഡോക്ടര്‍ കുറിച്ചുകൊടുത്തത് കഞ്ചാവ് ; ബ്രിട്ടനില്‍ നിയമപരമായി ആദ്യം അനുമതി കിട്ടിയത് ഒരു വനിതയ്ക്ക്

ലണ്ടന്‍: ചികിത്സയുടെ ഭാഗമായി വേദനസംഹാരിയായി ഡോക്ടര്‍ രോഗിക്ക് കഞ്ചാവ് കുറിച്ചു കൊടുത്തു. ബ്രിട്ടനിലെ മുന്‍ സര്‍വകലാശാല പ്രൊഫസറായ കാര്‍ലി ബാര്‍ട്ടണ്‍ എന്ന 32കാരിക്കാണ് ഡോക്ടര്‍ കഞ്ചാവ് കുറിച്ചത്. ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയില്‍ കഴിയുന്ന കര്‍ലി ബാര്‍ട്ടണ് വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മരുന്നുപോലും ഫലപ്രദമാകാത്ത അവസ്ഥയിലാണ്. ഇവരെ ചികിത്സിച്ച എന്‍എച്ച്എസ് ഡോക്ടറായ മക് ഡോവലായിരുന്നു കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

മൂന്ന് മാസത്തേക്ക് കഞ്ചാവ് ലഭിക്കാനുള്ള കുറിപ്പടിയായിരുന്നു ഡോ. ഡേവിഡ് മക്‌ഡോവല്‍ എഴുതിനല്കിയത്. ഇതോടെ ചികിത്സയുടെ ഭാഗമായി ബ്രിട്ടനില്‍ കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി ആദ്യമായി ലഭിച്ചയാള്‍ എന്ന നേട്ടത്തിന് കാര്‍ലി ബാര്‍ട്ടണ്‍ അര്‍ഹയായി. 2011ലാണ് കാര്‍ലി ബാര്‍ട്ടണ് ഫൈബ്രാമയാള്‍ജിയ എന്ന രോഗം പിടിപെടുന്നത്.

ഇതിനുശേഷം പലവിധ ചികിത്സകള്‍ നടത്തിയശേഷമാണ് വേദന ലഘൂകരിക്കാനായി കഞ്ചാവ് ഉപയോഗിച്ചുതുടങ്ങിയത്. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടനിലെ രോഗികള്‍ക്ക് ദേശീയ ആരോഗ്യവിഭാഗം സാക്ഷ്യപ്പെടുത്തിയ കുറിപ്പടിയുണ്ടെങ്കില്‍ നിയമവിധേയമായി കഞ്ചാവ് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം. ഈ വര്‍ഷം നവംബറിലാണ് ചികിത്സയുടെ ഭാഗമായുള്ള കഞ്ചാവ് ഉപയോഗം ബ്രിട്ടന്‍ നിയമവിധേയമാക്കിയത്.

അതേസമയം നേരത്തെ നിയമവിധേയമല്ലാതിരുന്നിട്ടും വേദനസംഹാരിയായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തേക്കുള്ള കഞ്ചാവിനായി ബാര്‍ട്ടണ് ചെലവഴിക്കേണ്ടി വന്നത് ഏകദേശം രണ്ടുലക്ഷത്തിലേറെ രൂപയായിരുന്നു. അതേസമയം, രോഗികള്‍ക്കുള്ള കഞ്ചാവിന് ഇത്രയും വില ഈടാക്കുന്നത് ക്രൂരതയാണെന്നാണ് കാര്‍ലി ബാര്‍ട്ടന്റെ അഭിപ്രായം. കഞ്ചാവിന് ഉയര്‍ന്നവില ഈടാക്കിയാല്‍ പണക്കാര്‍ക്കുമാത്രമേ പുതിയ നിയമംകൊണ്ട് ഉപകാരമുണ്ടാകൂവെന്നും ഇവര്‍ പറയുന്നു.

Top