കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മംഗളൂരുവില്‍ ചികിത്സ നല്‍കരുത്; ആശുപത്രികളോട് ആരോഗ്യവകുപ്പ്

കാസര്‍കോട്: കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് യാത്ര മുടക്കിയതിന് പിന്നാലെ കേരളത്തില്‍ നിന്നെത്തുന്നവരെ ചികിത്സിക്കരുതെന്ന ക്രൂരമായ നടപടിക്ക് നിര്‍ദേശം നല്‍കി കര്‍ണാടക. കേരളത്തില്‍ നിന്നെത്തുന്നവരെ മംഗളൂരുവില്‍ ചികിത്സിക്കരുത് എന്നാണ് ആശുപത്രികള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഉത്തരവിട്ടിരിക്കുന്നത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ക്കും ജില്ലാ ആശുപത്രി സൂപ്രണ്ടിനുമാണ് നിര്‍ദേശം നല്‍കിയത്.

നിലവിൽ ആശുപത്രികളിൽ അറ്റ്മിറ്റ് ചെയ്ത രോഗികൾക്ക് ചികിത്സ തുടരും. പുതുതായി ആരെയും പ്രവേശിക്കില്ല.നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ തലപ്പാടിയിൽ കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇപ്പോൾ അതിർത്തി തുറക്കില്ലെന്നും ചികിത്സ നൽകേണ്ടതില്ലെന്നുമുള്ള നിലപാട് കർണാടകം വീണ്ടും വ്യക്തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിദഗ്ധ ചികിൽസ കിട്ടാതെ ഏഴ് പേരാണ് കാസര്‍കോട‌് ജില്ലയിൽ മരിച്ചത് .

Loading...

ഈ പശ്ചാത്തലത്തിൽ ദേശീയപാത തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാത അടക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കര്‍ണാടകക്ക് ബാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടങ്കിലും അനുകൂലസമീപനം ഉണ്ടായില്ല. ഈ വിഷയത്തില്‍ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.