നാല് മാസം പ്രായമുള്ള മകൾ മരിച്ച് മൂന്നാം മണിക്കൂറിൽ പിതാവിനും ദാരുണാന്ത്യം: പിതാവ് അപകടത്തിൽപ്പെട്ടത് ഏകമകളെ ആശുപത്രിയിലെത്തിക്കാൻ‌ പോകുംവഴി

കണ്ണൂർ: നാല് മാസം പ്രായമുള്ള തന്റെ പൊന്നുമോളുടെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള ഓട്ടപാച്ചിലിൽ ആയിരുന്നു ബിലാൻ എന്ന പിതാവ്. തന്റെ പൊന്നോമനയുടെ ജീവൻ നിലനിർത്താനുള്ള ഓട്ടത്തിനിടയിൽ മകൾ വിടപറഞ്ഞത് അച്ഛൻ അറിഞ്ഞില്ല. കാർഡ്രൈവറും പ്രവാസിയുമായ മാട്ടൂൽ സൗത്ത് മുക്കോലക്കകത്ത് മുഹമ്മദ് ബിലാൽ(30) ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. മഹമൂദ്കുഞ്ഞി നാറാത്ത്– അഫ്സത്ത് ദമ്പതികളുടെ മകനാണ് ബിലാൽ.

ഇന്നലെ രാവിലെ മാട്ടൂൽ ബിരിയാണി റോഡിലാണ് വാഹനാപകടം ഉണ്ടായത്. ബിലാലിന്റെ മകൾ ഷെസ ഫാത്തിമയും ഇന്നലെയാണ് മരിച്ചത്. നാല് മാസം പ്രായമുണ്ടായിരുന്നൂള്ളൂ ഷെസ് ഫാത്തിമയ്ക്ക്. കുട്ടി ഇന്നലെ രാവിലെ 9 മണിയോടെയാണ് രോഗം വഷളായി മരിച്ചത്. മകൾ മരിച്ച് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പിതാവും മരിച്ചതെന്ന വാർത്ത നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി.

Loading...

നാല് മാസം പ്രായമായ ഷെസ ഫാത്തിമ മാസം തികയാതെയാണ് ജനിച്ചത്. ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം മൂന്ന് മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂൽ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിലെത്തിക്കാൻ ബിലാലിനെ വിളിക്കുകയായിരുന്നു. ഭാര്യ വിളിച്ചറിയച്ചിതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോകുംവഴിയാണു കാർ തെങ്ങിലിടിച്ചു ബിലാൽ അപകടത്തിൽപ്പെട്ടത്. ആശുപത്രിയിലെത്തിച്ച ബിലാൽ ഉച്ചയോടെയാണു മരിച്ചത്. ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മകൾ ഷെസ ഫാത്തിമ മരിച്ചിരുന്നു. ഇരുവരെയും മൃതദേഹം മാട്ടൂൽ സൗത്ത് മൊഹ്‌യുദീൻ പള്ളിയിൽ ഖബറടക്കി.