ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ തുരുതുരെ കോളുകള്‍ ; ഫോണ്‍ എടുക്കാന്‍ വൈകിയതിന് ശകാര വര്‍ഷം

ശരണ്യ, പൊലീസ് കസ്റ്റഡിയിലിരിക്കെ ഫോണിലേക്ക് വന്നത് തുരുതുരെ കോളുകള്‍. ഇതേത്തുടര്‍ന്ന് ലൗഡ് സ്പീക്കറിലിട്ട് ഫോണ്‍ എടുക്കാന്‍ അന്വേഷണ സംഘം ശരണ്യയോട് ആവശ്യപ്പെട്ടു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷമായിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശരണ്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ അസമയത്തും നിരവധി കോളുകളും സന്ദേശങ്ങളും ഫോണിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ ശരണ്യയ്ക്ക് കാമുകനുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് പൊലീസിന് മനസ്സിലായി. തുടര്‍ന്ന് കാമുകനെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തായ കാമുകനുമായി ഫെയ്‌സ് ബുക്ക് വഴി ഒരു വര്‍ഷം മുമ്ബാണ് ശരണ്യ ബന്ധം സ്ഥാപിക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലില്‍ വാരം സ്വദേശിയായ കാമുകന് കൃത്യത്തില്‍ പങ്കില്ലെന്ന് അന്വേഷണസംഘത്തിന് മനസ്സിലായി. മാത്രമല്ല, ശരണ്യയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം കാമുകന്‍ നല്‍കിയിട്ടില്ലെന്നും പൊലീസ് നിഗമനത്തിലെത്തി. കുട്ടിയാകാം വിവാഹത്തില്‍ നിന്നും കാമുകനെ പിന്തിരിപ്പിക്കുന്നതെന്ന വിലയിരുത്തലാണ്, കുട്ടിയെ ഇല്ലാതാക്കാന്‍ ശരണ്യയെ പ്രേരിപ്പിച്ചതെന്നും പൊലീസ് വിലയിരുത്തി. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

Loading...

എന്നാല്‍ കാമുകനെ നഷ്ടമാകും എന്ന ഭയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരേ സമയം ഒഴിവാക്കാനാണ് ശരണ്യ കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവത്തിന്റെ തുടക്കം മുതലേ ഭര്‍ത്താവ് പ്രണവിനെ സംശയ നിഴലില്‍ നിര്‍ത്തുന്നതിലും ശരണ്യ വിജയിച്ചിരുന്നു. മൂന്നുമാസത്തോളം ശരണ്യയും കുഞ്ഞുമായി അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് പ്രണവ്, വീട്ടിലെത്തിയ അന്നു രാത്രിയാണ് കുട്ടി അപായപ്പെടുന്നത്. ഇതോടെ സംശയം പ്രണവിന് നേര്‍ക്ക് നീണ്ടു.

പ്രണവിന്റെ ചെരുപ്പ് നഷ്ടമായതും പൊലീസിലും സംശയം ജനിപ്പിച്ചു. കുട്ടിയെ അപായപ്പെടുത്തുന്നതിനിടെ ചെരുപ്പ് കടലില്‍പ്പോയതാകാമെന്ന് പൊലീസ് സംശയിച്ചു. എന്നാല്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ആളുകള്‍ ആരോ ചെരുപ്പ് മാറിയിട്ടതാണെന്ന് കണ്ടെത്തിയതോടെയാണ്, ശരണ്യയ്ക്ക് കൊലയില്‍ പങ്കുണ്ടോയെന്ന് പൊലീസ് സംശയിച്ച്‌ തുടങ്ങുന്നത്. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള വീടിന്റെ പുറത്തേക്കുള്ള രണ്ടു വാതിലുകളും അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഇതോടെ കൃത്യം നടത്തിയത് വീട്ടിലുള്ളവര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിനിടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ കൂടി എത്തിയതോടെയാണ് അമ്മ ശരണ്യ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുന്നതും, അറസ്റ്റ് രേഖപ്പെടുത്തുന്നതും. കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.