കണ്ണൂരിൽ ഇന്ന് വലിയ വിമാനം ഇറങ്ങും

കണ്ണൂരിൽ ബുധനാഴ്ച്ച വലിയ വിമാനം ലാന്റ് ചെയ്യും. അവസാന പരീക്ഷയായ ഇതുകൂടി പാസായാൽ കണ്ണൂരിൽ എല്ലാ യാത്രാ വിമാനങ്ങൾക്കും തുടക്കത്തിലേ അനുമതിയാകും. ആരംഭത്തിൽ തന്നെ അന്തരാഷ്ട്ര വിമാനത്താവളം എന്ന പദവിൽ കണ്ണൂർ വരും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണു വിമാനം ഇറക്കുക.

ബോയിങ് 738 വിമാനമാണു വരുന്നത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒൻപതിനു പുറപ്പെടുന്ന വിമാനം പത്തുമണിയോടെ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ഇറങ്ങും.ഈ വിമാനം ഉപയോഗിച്ച് 3 മുതൽ 6വരെ പരീക്ഷണ പറക്കലും ലാന്റിങ്ങും നടത്തും.വിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) റിപ്പോർട്ട് നൽകിയ ശേഷമാവും വിമാനത്താവളത്തിന് അന്തിമ അനുമതി നൽകുക.

ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂർ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങി. ഇന്നു വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. റൺവേയിലെ സൂചകങ്ങൾ, ലൈറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്.