കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കടമ്പൂർ സ്വദേശി കെ ടി അരുണിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഉപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു.ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് എത്തിച്ചു നൽകിയ ആളെയും തിരിച്ചറിഞ്ഞു.ബോംബുമായി എത്തിയ എച്ചൂർ സംഘത്തിന് വടിവാൾ നൽകിയ കടമ്പൂർ സ്വദേശി അരുൺ ആണ് അറസ്റ്റിയത്.ഇയാൾ നൽകിയ വാളുമായി സംഭവ സ്ഥലത്ത് എത്തിയ സനാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
വിവാഹസംഘം വരന്റെ വീട്ടിലെത്തുന്ന തൊട്ടുമുമ്പ് സംഘർഷം ഉണ്ടായപ്പോൾ കാറിൽ നിന്ന് ഈ വാളെടുത്തു കൊണ്ടുവന്നാണ് മുഖ്യ ആസൂത്രകൻ മിഥുൻ ആളുകൾക്ക് നേരെ വീശിയത്. കടമ്പൂരിലെ മണ്ണ് ഖനനം കേന്ദ്രത്തിൽ നിന്ന് പോലീസ് വാൾ കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇതോടെ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായി.പടക്ക കടയിൽ നിന്ന് വാങ്ങിയ പടക്കത്തിന്റെ വെടിമരുന്ന് ഉപയോഗിച്ചല്ല ബോംബ് ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി.വെടിമരുന്ന് നൽകിയ ആളെയും പോലീസ് തിരിച്ചറിഞ്ഞു.അതേ സമയം വിവാഹ ആഘോഷങ്ങൾ അതിരു കടക്കുന്നത് തടയാൻ പോലീസും കണ്ണൂർ ജില്ലാ പഞ്ചായത്തും നടപടികൾ ആരംഭിച്ചു.ബോക്‌സ് വച്ചുള്ള ഗാനമേള ഉൾപ്പെടെ അനുവദിക്കില്ല എന്ന് വ്യക്തമാക്കി തളിപ്പറമ്പ ഡി വൈ എസ് പി ഉത്തരവിറക്കി.