ഖത്തർ വരെ പോകാനാ! പറന്നു പോകാൻ വിമാനം തന്നെ വിളിച്ചു: ചെലവ് 40 ലക്ഷം: 12 സീറ്റുള്ള വിമാനം ഖത്തറിൽ നിന്ന് യാത്രക്കാരില്ലാതെ എത്തും

കണ്ണൂർ: നാട്ടിൽ വന്നതാ. ഖത്തറിലേക്ക് തിരിച്ചു പോകണം. വിമാനം തന്നെ വിളിച്ചു. പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞിയാണ് വിമാനം വിളിച്ച് ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു ചെലവ്. 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്. ലോക്ഡൗൺ കാരണം തിരികെ പോകാനും പറ്റിയില്ല. അദ്ദേഹത്തിനു പോകാൻ 12 സീറ്റുള്ള വിമാനമാണ് ഖത്തറിൽ നിന്ന് യാത്രക്കാരില്ലാതെ എത്തുക. അതിൽ തിരിച്ചു പോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രമാണ്. ഖത്തറിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരിൽ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസൻ കുഞ്ഞി.

കണ്ണൂർ വിമാനത്താവളത്തിൽ പ്രൈവറ്റ് ജെറ്റുകൾക്ക് ഇറങ്ങാൻ കഴിയുമെന്നും അതുവഴി കൂടുതൽ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി പറയുന്നു. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്ടെക് കോർപറേഷൻ ചെയർമാനാണ് കണ്ണൂർ താണയിൽ താമസിക്കുന്ന ഹസൻ കുഞ്ഞി. ഖത്തർ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്സ് രംഗത്തുള്ള ഫ്രൈറ്റെക്സ് ലോജിസ്റ്റിക്സ്, ഫാഷൻ രംഗത്തുള്ള പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ.ബിൽഡേഴ്സ് ആൻഡ് ഡവലപേഴ്സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാനാണ്. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം.

Loading...

44 വർഷമായി ഖത്തറിൽ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണ് ഹസൻ കുഞ്ഞി. മെഡിക്കൽ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്.ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാമിൽട്ടൻ ഇന്റർനാഷനൽ, പവർമാൻ ഇന്റർനാഷനൽ, ഹോളിപോപ് ഇൻഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയർമാനുമാണ്. കൊച്ചിൻ മെഡിക്കൽ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.