കണ്ണൂര്‍ ജില്ലാ അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഫ്‌ലവര്‍ ഷോയില്‍ നിന്ന് 59000 രൂപയുടെ ചെടികള്‍ മോഷണം പോയതായി പരാതി. വിലയേറിയ ഇന്‍ഡോര്‍ ചെടികളാണ് ആറു സ്റ്റാളുകളില്‍ നിന്നായി നഷ്ടപ്പെട്ടത്. മെഡീന, കലാഡിയ, പൈത്താന്‍, ഓര്‍ക്കിഡ് തുടങ്ങിയ വിലയേറിയ ചെടികള്‍ മാത്രമാണു നഷ്ടപ്പെട്ടത്. ഓരോരുത്തര്‍ക്കും 5000 രൂപ മുതല്‍ 15000 രൂപ വരെ നഷ്ടം സംഭവിച്ചു.ഫ്‌ലവര്‍ഷോയുടെ അവസാനദിനം രാത്രി പത്തോടെ ചില സ്റ്റാളുകളില്‍ എട്ടംഗസംഘമെത്തി ചെടികള്‍ക്കു വിലപേശുകയും സ്റ്റാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതായി നഴ്‌സറിയുടമകള്‍ പറയുന്നു. ഇവര്‍ പിന്നീടെത്തി മോഷണം നടത്തിയതാണോ എന്നും സംശയമുണ്ട്.
നഴ്‌സറിയുടമകള്‍ പ്രധാന സംഘാടകനായ കലക്ടര്‍ക്കു പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. ഇതേത്തുടര്‍ന്നു പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു.ഫ്‌ലവര്‍ഷോയുടെ അവസാന ദിവസമായ ഫെബ്രുവരി 3 നു രാത്രിയാണു മോഷണം നടന്നത്. അന്നു രാത്രി ഒന്നര മുതല്‍ രണ്ടര വരെ ഇവിടെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നു കണ്ടെത്തി. മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണം അവരുടെ ശ്രദ്ധയില്‍പെട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.അവസാന ദിവസം രാത്രി പത്തോടെ എല്ലാ സ്റ്റാളുകളും ഒഴിയണമെന്ന് അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്നു രാവിലെയേ ചെടികള്‍ മാറ്റാന്‍ കഴിയൂ എന്നതിനാല്‍, ഏതാനും പേര്‍ രാത്രിയില്‍ ചെടികള്‍ സ്റ്റാളില്‍ തന്നെ സൂക്ഷിക്കാന്‍ അനുമതി വാങ്ങി. വിലയേറിയ ചെടികള്‍ മറ്റു ചെടികള്‍കൊണ്ടു മറച്ച്, സ്റ്റാളിനു കര്‍ട്ടന്‍ കെട്ടിയശേഷമാണു വീടുകളിലേക്കു പോയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് ചെടികള്‍ മോഷണം പോയതായി മനസിലായത്.
പ്രകൃതി സ്നേഹകളായ മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.സമാനമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടുക്കി രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്പൈസസ് പാര്‍ക്കിലെത്തിയ സംഘം ആയിരക്കണക്കിന് രൂപ വിലമതിയ്ക്കുന്ന ചെടികളാണ് അന്ന് അപഹരിച്ചത്. ചെടിയാണെങ്കിലും മോഷണം, മോഷണം തന്നെയാണ്..അതായത് സ്വര്‍ണ്ണവും പണവുമൊന്നും ഇവര്‍ക്ക് വേണ്ട പകരം പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന വിലകൂടിയ ചെടികള്‍ മതിഎന്ന സാരം.