ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം

കണ്ണൂര്‍. പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്നും നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാനും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.

വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവിട്ടത്. അതിനാല്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വിസി ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ നല്‍കിയ നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്.

Loading...

പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയതില്‍ ക്രമക്കേടില്ലെന്ന് വിസിയുടെ വിശദീകരണം തള്ളിയായിരുന്നു ഗവര്‍ണറുടെ നടപടി. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.