ഉത്തര്‍പ്രദേശില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവം;കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

യുപി:ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ വികാസ് ദുബെ അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ചാണ് പിടിയിലായത്. ദുബെയ്ക്ക് വേണ്ടി വ്യാപക തെരച്ചിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നത്. വികാസ് ദുബെയെ ചോദ്യം ചെയ്ത് വരികയാണ്. വൈകാതെ ഉത്തർ പ്രദേശ് പോലീസിന് കൈമാറും.
ഇയാളുടെ രണ്ട് കൂട്ടാളികളെ കൂടി പോലീസ് കൊലപ്പെടുത്തി.വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ കാൻപൂരിൽ ഡി.എസ്. പി അടക്കം 8 പൊലീസുകാരെ കുപ്രസിദ്ധ ക്രിമിനൽ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തിയത്. വധശ്രമ കേസിൽ പിടികൂടാൻ ശ്രമിക്കവെ ഗുണ്ടകൾ പോലീസ് വാഹന വ്യൂഹനം തടഞ്ഞ് വെടിവച്ച് കൊലുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വികാസിനെ പിടികൂടാൻ വ്യാപക തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിന് ഒടുവിലാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ച് ദുബെ പിടിയിലായത്. ഉജ്ജയിനിലെ മഹാകാൾ അമ്പലത്തിൽ വെച്ചായിരുന്നു അറസ്റ്റ്. സെക്യൂരിറ്റി ജീവനക്കാരനോട് താൻ വികാസ് ദുബെ ആണെന്ന് വെളിപ്പെടുത്തി. തുടർന്ന് ജീവനക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിനെ വികാസ് ദുബെ എതിർത്തില്ലെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിനകത്ത് എൻകൗണ്ടർ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ദുബെ അറസ്റ്റിന് മഹാകാൾ ക്ഷേത്രം തെരഞ്ഞെടുത്തത്.അറസ്റ്റിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്നെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ദുബെയെ യു.പി പൊലീസിന് കൈമാറാൻ സമ്മതവും അറിയിച്ചു.

Loading...

ദുബെയെ പിടികൂടിയ ഉജ്ജയിൻ പോലീസിനെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദിച്ചു. വികാസിന്റെ കൂട്ടാളികളായ പ്രഭാത് മിശ്ര, ബൗവ ദുബെ എന്നിവരെ വ്യത്യസ്‌ത ഇടങ്ങളിൽ വച്ചാണ് ഉത്തർപ്രദേശ് പൊലീസ് വെടിവച്ച് കൊന്നത്. പ്രഭാത് മിശ്രയെ ഹരിയാനയിലെ ഫരീദാബാദിൽ വച്ച് പിടികൂടി യു പിയിലേക്ക് കൊണ്ടുവരികയായിരുന്നു. യാത്രയ്ക്കിടെ പോലീസ് വാഹനത്തിന്റെ ടയർ കേടായി. ഇത് നേരെയാക്കാൻ ശ്രമിക്കവെ പ്രഭാത് തോക്ക് തട്ടിയെടുത്തു. തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായി. ഈ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് യുപി പോലീസ് വിശദീകരണം. ബൗവ ദുബെയെ ഇറ്റാവയിൽ വച്ചാണ് പൊലീസ് വെടിവച്ചു കൊന്നത്. ഇയാളുടെ തലയ്ക്ക് 50000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ദുബെയുടെ അഞ്ച് കൂടാളികളെയാണ് പോലീസ് ഇതുവരെ ഏറ്റുമുട്ടലെന്ന പേരിൽ കൊലപ്പെടുത്തിയത്.