കരള്‍ കഴിച്ചാല്‍ മക്കളുണ്ടാകുമെന്ന് മന്ത്രവാദി;6 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് വയര്‍ കീറി കരള്‍ എടുത്തു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 6 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു.മക്കളുണ്ടാകാന്‍ ദമ്പതികള്‍ പെണ്‍കുട്ടിയുടെ കരള്‍ തിന്നണമെന്ന മന്ത്രവാദിയുടെ ഉപദേശ പ്രകാരമായിരുന്നു കൊല. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശ് ഒരിക്കല്‍ കൂടി രാജ്യത്തെ ഞെട്ടിക്കുകയാണ്. ഹാഥ്‌റസ് സംഭവത്തിന്റെ നടക്കം മാറും മുന്‍പാണ് കാണ്‍പൂരിലെ ദാരുണ സംഭവം. കാണ്‍പൂരിലെ ഭദ്രാസ് ഗ്രാമത്തിലാണ് 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്. മക്കളുണ്ടാകാന്‍ ദമ്പതികള്‍ പെണ്‍കുട്ടിയുടെ കരള്‍ തിന്നണമെന്ന മന്ത്രവാദിയുടെ ഉപദേശം കേട്ട് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

വിവാഹം കഴിഞ്ഞ് 21 വര്‍ഷമായിട്ടും പരശുറാം -സുനൈന ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ദീപാവലി ദിവസം പെണ്‍കുട്ടിയുടെ കരള്‍ കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ഇവര്‍ക്ക് മന്ത്രവാദിയുടെ ഉപദേശം ലഭിച്ചു. ഇക്കാര്യം ദമ്പതികള്‍ അങ്കുല്‍ എന്ന ബന്ധുവിനോട് പറഞ്ഞു. തുടര്‍ന്ന് അങ്കുല്‍ സുഹൃത്തായ ബീരനെയും കൂട്ടി അയല്‍വാസിയായ പെണ്കുട്ടിയെ ശനിയാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയി. ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്ത് വച്ച് പീഡിപ്പിച്ചു. പെണ്കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Loading...

മൃതദേഹം കണ്ടെത്തുമ്പോള്‍ വയര്‍ കീറിയ നിലയിലായിരുന്നു.കരള്‍ മുറിച്ചെടുത്ത നിലയിലായിരുന്നു. ശ്വാസ കോശവും ഉണ്ടായിരുന്നില്ല. വന്യ ജീവിയുടെ അക്രമത്തിലാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബലാല്‍സംഗം മാത്രമല്ല ആഭിചാര ക്രിയയുടെ ഭാഗം കൂടിയാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. വെറും 1000 രൂപയ്ക്ക് വേണ്ടിയാണ് യുവാക്കള്‍ ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ശരീര ഭാഗങ്ങള്‍ പോളിത്തീന്‍ ബാഗിലാണ് എത്തിച്ചത്. തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും ശനിയാഴ്ച അര്‍ധ രാത്രിയോടെ അഭിചാര ക്രിയ നടത്തുകയും പെണ്കുട്ടിയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കുടുംബത്തിന് യു പി സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.