കോൺ​ഗ്രസ് എല്ലാവരുടേതുമാണ്; ആരുടെയും കുടുംബ സ്വത്തല്ലെന്ന് കപിൽ സിബൽ

ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസിനേറ്റ കനത്ത പരാജയത്തോടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ശക്തമാവുകയാണ്. നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്നും വിട്ടുനിൽക്കാനാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് എല്ലാവരുടേതുമാണെന്നും ഒരു കുടുംബത്തിൻ്റെ മാത്രമല്ലെന്നുമാണ് കപിൽ സിബൽ പറയുന്നത്. നേതൃസ്ഥാനത്തേക്ക് മറ്റുള്ളവർക്ക് അവസരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരമാണുള്ളതെന്നും കപിൽ സിബൽ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവി അത്ഭുതപ്പെടുത്തുന്നില്ല. 8 വർഷത്തിനിടെ പാർട്ടി വൻ തകർച്ചയാണ് നേരിടുന്നത്. നേതൃത്വം യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നില്ലെന്നും സിബൽ തുറന്നടിച്ചു.സബ്‌കി കോൺഗ്രസ് എന്നാൽ ഒരുമിച്ച് നിൽക്കുക മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം മാറുക തന്നെ വേണം. പരിഷ്ക്കാര നടപടികൾ കൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല. അവസാന ശ്വാസം വരെ കോൺഗ്രസിന് വേണ്ടി പോരാടുമെന്നും കപിൽ സിബൽ പറഞ്ഞു.

Loading...