കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസ്: ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാലടിയിൽ സിനിമാ സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാംപ്രതിയാണ് മലയാറ്റൂർ കാടപ്പാറ സ്വദേശിയായ കാര രതീഷ്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. മുൻപും രണ്ടു തവണ രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.2016 ൽ കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കാര രതീഷ്. വധശ്രമം, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാൻ പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

Loading...

നിരവധി കേസുകളിൽ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ തുടർന്നതോടെയാണ് ഗുണ്ടാനിയമപ്രകരമുള്ള പൊലീസ് നടപടി.
അങ്കമാലിയിൽ നടന്ന വധശ്രമക്കേസിൽ 2017 ൽ പറവൂർ അഡീഷണൽ സെഷൻസ് കോടതി ഇയാളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകർത്തത്. തുടർന്ന് വീണ്ടും ഗുണ്ടാനിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.