വാക്സിന്‍ എടുക്കരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട കര്‍ദ്ദിനാള്‍ കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍

വാഷിംഗ്‌ടണ്‍: കത്തോലിക്കാ അതിരൂപതയുടെ അമേരിക്കയിലെ കര്‍ദ്ദിനാള്‍ കൊവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍. വാക്സിന്‍ വിരുദ്ധനായ കര്‍ദ്ദിനാള്‍ റെയ്‌മണ്ട് ലിയോ ബുര്‍ക്കെയാണ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. കടുത്ത പാരമ്ബര്യവാദിയും വലതുപക്ഷ ആശയങ്ങള്‍ മുറുകെപിടിച്ചിരുന്ന വ്യക്തിയുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് കൊവിഡ് വൈറസിനെ വുഹാന്‍ വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല അമേരിക്കയില്‍ നല്‍കുന്ന വാക്സിനില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ആരും കൊവിഡ് വാക്സിന്‍ എടുക്കരുതെന്നും തന്റെ സഭയിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പൗരന്മാരെ വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പിന്നില്‍ ഗുരുതരമായ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ഇതിനു മുമ്ബ് പ്രസ്താവന ഇറക്കിയിരുന്നു.

ഓഗസ്റ്റ് 10ാം തീയതിയാണ് എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിന് കൊവിഡ് പിടിപ്പെടുന്നത്. ട്വിറ്ററിലൂടെ കര്‍ദ്ദിനാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിറ്റേദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി കര്‍ദ്ദിനാളിന്റെ ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ബാധിതനാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുവരെ കര്‍ദ്ദിനാള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നതായും കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയിരുന്നതായും സഭാ നേതൃത്വം അറിയിച്ചു. കടുത്ത വാക്സിന്‍ വിരോധിയായ കര്‍ദ്ദിനാള്‍ വാക്സിന്‍ എടുത്തിരുന്നുവോ എന്ന് വ്യക്തമല്ല. കടുത്ത യാഥാസ്ഥിതികനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് പുരോഗമന ചിന്തകള്‍ പങ്കുവയ്ക്കുന്ന മാര്‍പ്പാപ്പയുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു.

Loading...