കാർഗിൽ വിജയത്തിനു ഇന്ന് 22 വയസ്; വീരജവാന്മാരുടെ സ്മരണയിൽ രാജ്യം

1999 ലെ കാർഗിൽ യുദ്ധം ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. അന്താരാഷ്‌ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. തണുത്തുറഞ്ഞ കാർഗിലിലെ ഉയരമേറിയ കുന്നുകളിൽ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യൻ സൈനികർ നേരിട്ടത്. ആ ഐതിഹാസിക വിജയത്തിന്റെ ഓർമദിനമാണ് ഇന്ന്.

1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. 1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ ചതിപ്രയോഗത്തിലൂടെയുള്ള അയൽക്കാരൻറെ കടന്നുകയറ്റം. പ്രദേശത്തെ ആട്ടിടയന്മാരാണ് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം ആദ്യം കണ്ടത്. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. ഒട്ടും വൈകിയില്ല, ഇന്ത്യൻ സൈന്യം ആ വലിയ പോരാട്ടത്തിന് പേരിട്ടു. ഓപ്പറേഷൻ വിജയ്.

Loading...

14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ യുദ്ധത്തിൽ മരിച്ച സൈനികരെ പിന്നീട് പാകിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്‌ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തിൽ നയതന്ത്രപരമായുള്ള മുൻതൂക്കവും ഭാരതത്തിന് ലഭിച്ചു.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്റഎ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയൻപട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിൻറ്, ടൈഗർഹിൽ… തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യൻ പാതക വീണ്ടും ഉയർന്നു പാറി. കാർഗിലിൽ തുടങ്ങിയ ആഘോഷം രാജ്യമെങ്ങും പടർന്നു.

എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ 84 ദിവസങ്ങൾ നീണ്ട ആ മഹായുദ്ധത്തിൽ 527 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. മലമുകളിലെ മറവിലിരുന്ന് ശത്രു വെടിയുണ്ടകൾ പായിച്ചപ്പോഴും അവർ പതറയില്ല, ശരീരം തളർന്നപ്പോഴും മനസ് തളർന്നില്ല. രക്തസാക്ഷികളെ നിങ്ങൾക്ക് മരണമില്ല. തലമുറകളിലുടെ ഇന്നും എന്നും നിങ്ങൾ ജീവിക്കുന്നു.