കൊവിഡില്ല, മഴയില്ല, തളര്‍ന്നുമില്ല; ഇന്നലെ കേരളം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത മാനുഷികസ്‌നേഹത്തിന്

കണ്ണൂര്‍: ഇന്നലെ ഒറ്റരാത്രി ഉണ്ടായ ആ വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ കേരളം വിട്ടുമാറിയിട്ടില്ല. ഇരട്ട ദുരന്തമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാത്രി നമ്മള്‍ കണ്ടത് കേരളത്തിന്റെ കരുത്തുറ്റ ഒരു കൂട്ടം മനുഷ്യസ്‌നേഹികളെയായിരുന്നു. അതേസമയം സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനത്തിന് കരിപ്പൂര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരും ഉണര്‍ന്നിരിക്കുകയായിരുന്നു. വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ച് വിട്ടപ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി രാത്രി മുഴുവന്‍ സജീവമായിരുന്നു മട്ടന്നുരില്‍ യുവാക്കള്‍.

കനത്ത മഴയും കൊറോണ ആശങ്കയും വക വയ്ക്കാതെയാണ് ജനങ്ങള്‍ സന്നദ്ധ പ്രവര്‍നത്തിന് രംഗത്തിറങ്ങിയത്. കണ്ണൂരിലേക്ക് വിമാനങ്ങള്‍ തിരിച്ചു വിടുന്നു എന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഊണും ഉറക്കവും ഉപേക്ഷിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിലായിരുന്നു മട്ടന്നൂരിലെ ഒരു കൂട്ടം യുവാക്കള്‍.വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു പ്രധാന ദൗത്യം.നായനാര്‍ അക്കാദമി ഭക്ഷണം നല്‍കാന്‍ തയ്യാറായപ്പോള്‍ വിതരണം ചെയ്യേണ്ട ചുമതല ഡി വൈ എഫ് ഐ യും കേരള പ്രവാസി സംഘവും ഏറ്റെടുത്തു.

Loading...

കയ്യും മെയ്യും മറന്ന് പരിശ്രമിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം മൂന്ന് വിമാനങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്കെല്ലാം ഭക്ഷണവും കുടിവെള്ളവും നല്‍കാനായി.അറുന്നൂറോളം യാത്രക്കാര്‍ക്കും അവരെ കൊണ്ടുപോകാന്‍ എത്തിയ ബന്ധുക്കള്‍ക്കും ഉള്‍പ്പെടെയാണ് ഭക്ഷണം നാകിയത് അപ്രതീക്ഷിതനായി കണ്ണൂരില്‍ ഇറങ്ങേണ്ടി വന്നവര്‍ക്ക് അവരുടെ നാടുകളില്‍ എത്താന്‍ വാഹന സൗകര്യവും ഏര്‍പ്പാടാക്കി നല്‍കി.ഡി വൈ എഫ് ഐ ഭാരവാഹികള്‍ ഫോണ്‍ നമ്പറുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി എല്ലാ സഹായവുമായി നിലയുറപ്പിച്ചു.ആശങ്കയോടെ കണ്ണൂരില്‍ ഇറങ്ങേണ്ടി വന്ന പ്രവാസികള്‍ക്ക് മട്ടന്നൂരുകാരുടെ കരുതല്‍ നല്‍കിയ ആശ്വാസം ചെറുതല്ല.