കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു: പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചു: 123 പേര്‍ക്ക് പരിക്കേറ്റു

കരിപ്പൂർ: കരിപ്പൂർ വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേർക്കും സാരമായ പരിക്കുണ്ട്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 123 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കനത്ത മഴയിൽ റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെറ്റി ഇറങ്ങി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിൻറെ മുൻവശത്തെ വാതിൽ വരെയുള്ള ഭാഗം പിളർന്ന് പോയി.

പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ അപകടത്തിൽ മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും സംഭവസ്ഥലത്തു നിന്ന് രക്ഷാ പ്രവർത്തകർ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അപകടത്തിൽ പെട്ട എല്ലാവർക്കും ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു .

Loading...

അതേസമയം കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തിൽ പ്രാഥമിക റിപ്പോർട്ട് ഡിജിസിഎ നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ല. സാങ്കേതിക തകരാറുകൾ വിമാനത്തിനില്ല. വിമാനം റൺവേയിലേക്ക് എത്തുമ്പോൾ മോശം കാലാവസ്ഥയായിരുന്നു. റൺവേയിൽ കൃത്യമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങൾ.