കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഒമ്പത് അഗ്നിശമനസേന ഉദ്യോഗസ്ഥരെ മഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സീനിയര്‍ സൂപ്രണ്ട് തിരുവനന്തപുരം മഞ്ഞമല കുന്നത്ത് വീട്ടില്‍ ജഗന്നാഥന്‍ നായര്‍ (59) സൂപ്പര്‍വൈസര്‍മാരായ എറണാകുളം ഗോതുരുത്തി കളത്തില്‍ ജോസഫ് ഷൈന്‍ (42) കോഴിക്കോട് മേപ്പയൂര്‍ കുഴിയില്‍ പീടികയില്‍ വീട്ടില്‍ കെ.പി. റിനീഷ് (41) കൊട്ടാരക്കര വെട്ടിക്കവല സജിത് ഭവനില്‍ എന്‍.ആര്‍. അജിത്കുമാര്‍ (42) കോഴിക്കോട് കക്കോടി കിഴക്കുംമുറി കൊളങ്ങരംപറമ്പത്ത് കെ.പി. ബ്രിഡ്ജു (40) വടകര തോടന്നൂര്‍ മന്തമ്പത്ത് ജോഷി (38) എറണാകുളം പാമ്പാക്കുട പുല്ലത്തിക്കാട്ടില്‍ അനീഷ് (38), അസിസ്റ്റന്‍റ് മാനേജര്‍ കോഴിക്കോട് താമരശേരി മേലേപാത്ത് കെ.പി. ശ്രീധരന്‍ (59) സീനിയര്‍ സൂപ്രണ്ട് തിരുവാലി തോടയം കളരിക്കല്‍ മധുമാധവന്‍ എന്നിവരെയാണ് ജൂണ്‍ 27 വരെ റിമാന്‍ഡ് ചെയ്തത്.

ഇവരെ മഞ്ചേരി സബ് ജയിലില്‍ അടച്ചു. മന:പൂര്‍വമല്ലാത്ത നരഹത്യ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആയുധം കൈവശം വെക്കല്‍, ആയുധവുമായി സംഘടിക്കല്‍, കുറ്റകൃത്യത്തിനുവേണ്ടി സംഘടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആറില്‍ മന:പൂര്‍വമുള്ള കൊലപാതകമാണ് ആദ്യം കുറ്റമായി ചുമത്തിയിരുന്നത്. പിന്നീട് പ്രത്യേക റിപ്പോര്‍ട്ട് നല്‍കി മന:പൂര്‍വമല്ലാത്ത കൊലപാതകമാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ എല്ലാ പ്രതികളുടെ കൂടി പേരിലാണ്.

Loading...

കുറ്റപത്രം തയാറാക്കുമ്പോഴാണ് കുറ്റങ്ങള്‍ വേര്‍തിരിച്ച് ചേര്‍ക്കുക. തോക്കില്‍ ഉണ്ടയിടാന്‍ ഉപയോഗിക്കുന്ന മൂന്ന് മെഗസിന്‍, 9 എം പിസ്റ്റള്‍ ഒന്ന്, ഇന്ത്യന്‍ നിര്‍മിതമായ വലിയ തോക്ക് ഒന്ന് എന്നിവ പ്രതികളില്‍നിന്ന് കണ്ടെടുത്തു. കണ്ടെടുത്ത വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.