കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നു: വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിൽ: തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നും സൂചന

തിരുവനന്തപുരം: കരിപ്പൂർ വിമാനദുരന്തത്തെ തുടർന്നുള്ള വി​ദ​ഗ്ദരുടെ കൂടുതൽ അഭിപ്രായങ്ങളും നി​ഗമനങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അപകടത്തിന് ശേഷം വിമാനത്തിന്റെ കോക്പിറ്റിൽ നിന്നും പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ നി​ഗമനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്നാണ് ഇപ്പോൾ വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. ഇതാണ് ഇത്തരമൊരു നി​ഗമനത്തിലേക്ക് വിദ​ഗ്ദരെ കൊണ്ടെത്തിച്ചത്. അതേസമയം അപകടത്തിന്റെ ആഘാതത്തിലോ കോക്പിറ്റിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടയിലോ ലീവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന ചോദ്യത്തിന് അത് സംഭവിക്കില്ല എന്നാണു വിദഗ്ധർ പറയുന്നത്.

Loading...

വിമാനത്തിനുള്ളിൽ നിന്നു അപകടത്തിനു ശേഷം പകർത്തിയ കോക്പിറ്റിന്റെ ചിത്രങ്ങൾ കണ്ട വിദഗ്ധരുടെ നിഗമനം ഇങ്ങനെയാണ്. റൺവേയിൽ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാൽ വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാൽ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തിൽ വ്യക്തം. ഇത് ലാൻഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്. തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നാണു ചിത്രത്തിലെ എൻജിൻ സ്റ്റാർട്ട് ലീവറിന്റെ സ്ഥാനം നൽകുന്ന സൂചന. വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാമെന്നും അനുമാനമുണ്ട്.

അതേസമയം കരിപ്പൂർ അപകടത്തെ തുടർന്നുള്ള പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പുറത്ത്. അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയത്. കരിപ്പൂർ വിമാനാപകടം ഉണ്ടായത് ലാൻഡിങ് സമയത്തെ ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണു ഇപ്പോൾ കേസെടുത്തിരിക്കുന്നത്.