കരിപ്പൂർ വിമാന​ദുരന്തം: വിമാത്തിന്‍റെ ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തെക്കുറിച്ച് ഡിജിസിഎയും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന അന്വേഷണം തുടങ്ങി. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം കരിപ്പൂരിലത്തിയിട്ടുണ്ട്. എയർ ഇന്ത്യ യാത്രക്കാരെ സഹായിക്കാനായി നിയോഗിച്ച അടിയന്തര സഹായ സംഘവും മുംബൈയിൽ നിന്ന് കരിപ്പൂരിലെത്തി തുടര്‍നടപടികൾ തുടങ്ങി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാത്തിന്‍റെ ഡിജിറ്റല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായാണ് വിവരം. ബ്ലാക് ബോക്സിന് വേണ്ട തെരച്ചിലും തുടരുകയാണ്. എന്നാൽ ഫ്ളൈറ്റ് ഡാറ്റ റെക്കോഡറിലെ വിവരങ്ങൾ ദില്ലിയിലെ ലാബിൽ അവലോകനം ചെയ്യാൻ സമയം എടുക്കും. പ്രാഥമിക റിപ്പോർട്ടിനു ശേഷം ഇതിന്‍റെ വിശദപരിശോധനയ്ക്ക് കേന്ദ്രം ഉത്തരവ് നൽകിയേക്കും.

Loading...

കോക്പിറ്റില്‍ അവസാന നിമിഷം പൈലറ്റുമാര്‍ സംസാരിച്ചതടക്കം ലഭ്യമാകുന്ന കോക്പിറ്റ് വോയ്സ് റെക്കോര്‍ഡർ കണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. മംഗളുരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപെട്ട് 10 കൊല്ലത്തിനു ശേഷം സമാനമായ ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിലുണ്ടായ അപകടം കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യോമയാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷം നടന്ന യോഗത്തിലാണ് രണ്ട് അന്വേഷണ സംഘങ്ങളെ കരിപ്പൂരിലേക്ക് അയക്കാൻ തീരുമാനിച്ചത്. പുതിയ സാഹചര്യത്തിൽ റൺവേ വികസനത്തിന് കൂടുതൽ സ്ഥലം എന്ന ആവശ്യം കേന്ദ്രം ശക്തമാക്കും എന്നുറപ്പാണ്. 365 ഏക്കർ ഭൂമിയെങ്കിലും വേണം എന്നതാണ് കേന്ദ്ര നിലപാട്. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയവിവാദങ്ങൾ നടന്നിരുന്ന, നടന്നുവരുന്ന ഇടമാണ് കരിപ്പൂർ. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണം എന്ന് മുൻ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു നിർദ്ദേശിച്ചിരുന്നുവെന്നതും ഇവിടെ ചേർത്തുവായിക്കണം.