കരിപ്പൂർ വിമാന ദുരന്തം: പോലീസിന്റെ എഫ്ഐആർ പുറത്ത്: ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമാണ് അപകടമെന്ന് റിപ്പോർട്ട്

മലപ്പുറം: കരിപ്പൂർ അപകടത്തെ തുടർന്നുള്ള പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് പുറത്ത്. അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയത്. പ്രഥമ വിവര റിപ്പോർട്ട് അതായത് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.

കരിപ്പൂർ വിമാനാപകടം ഉണ്ടായത് ലാൻഡിങ് സമയത്തെ ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണു ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കരിപ്പൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമർപ്പിച്ചു.

Loading...

വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. വിമാനത്തിന്റെ അപകടകാരണവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതുമാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുക. അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ എഫ്ഐആർ തയാറാക്കിയത്. അഡീഷനൽ എസ്പി ജി. സാബുവിന്റെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂർ), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്ഐമാരായ കെ. നൗഫൽ (കരിപ്പൂർ), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവർ സംഘത്തിലുണ്ടാകും.

അതേസമയം കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ വ്യക്തമാക്കുന്നു. വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണന്നും വി​ദ​ഗ്ദർ വിലയിരുത്തുന്നു,