പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത് ജോലിയെന്ന സ്വപ്നം മനസ്സിലേറ്റി: നാട്ടിലേക്കുള്ള യാത്ര മൂന്ന് മക്കളും ഉമ്മയും ഒരുമിച്ച്: ഇളയ കുഞ്ഞിനൊപ്പം സാഹിറ യാത്രയായി

കോഴിക്കോട്: മുക്കത്തിനെ കണ്ണീരിലാഴ്ത്തി കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം. സ്വന്തമായി ഒരു ജോലിയെന്ന സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. സർക്കാർ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്.

10 മാസം മുൻപാണു നാട്ടിൽനിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. എന്നാൽ മണ്ണിൽ തൊടുംമുൻപുണ്ടായ അപകടത്തിൽ എല്ലാ സ്വപ്നവും നിലച്ചു. മൂന്നു മക്കളും ഉമ്മയും ഒരുമിച്ചായിരുന്നു നാട്ടിലേക്കുള്ള യാത്ര. രണ്ടു മക്കൾ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിലായി ചികിൽസയിലാണ്. 10 മാസം പ്രായമുള്ള ഇളയമകൻ ഉമ്മയ്ക്കൊപ്പം യാത്രയായി. ജോലിക്കാര്യത്താൽ ഭർ്ത്താവ് മുഹമ്മദ് നിജാസ് വിദേശത്ത് തന്നെ നിൽക്കുകയായിരുന്നു. വിമാനത്താവളത്തിൽ സാഹിറ ബാനുവിനെയും മക്കളെയും സ്വീകരിക്കാൻ ബന്ധുക്കളെത്തിയിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ നടപടിക്രമങ്ങൾക്ക് ശേഷം വെള്ളിമാടുകുന്നുള്ള ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ട് പോകും. അവിടെയായിരിക്കും ഖബറടക്കമെന്നാണ് ലഭ്യമായ വിവരം.

Loading...

അതേസമയം കരിപ്പൂരിൽ 18 പേരുടെ മരണത്തിനി ഇടയാക്കിയ വിമാനദുരന്തത്തെക്കുറിച്ച് ഡിജിസിഎയും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടത്തുന്ന അന്വേഷണം തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് വിമാത്തിൻറെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായാണ് വിവരം. കോക്പിറ്റിൽ അവസാന നിമിഷം പൈലറ്റുമാർ സംസാരിച്ചതടക്കം ലഭ്യമാകുന്ന കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ബ്ലാക് ബോക്സിന് വേണ്ട തെരച്ചിലും തുടരുകയാണ്. എന്നാൽ ഫ്ളൈറ്റ് ഡാറ്റ റെക്കോഡറിലെ വിവരങ്ങൾ ദില്ലിയിലെ ലാബിൽ അവലോകനം ചെയ്യാൻ സമയം എടുക്കും. പ്രാഥമിക റിപ്പോർട്ടിനു ശേഷം ഇതിൻറെ വിശദപരിശോധനയ്ക്ക് കേന്ദ്രം ഉത്തരവ് നൽകിയേക്കും.