വധു അണിഞ്ഞ സാരിക്ക് നിലവാരം പോര, വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

വിവാഹ ദിവസം വധു അണിഞ്ഞ സാരിക്ക് നിലവാരം കുറഞ്ഞുപോയി എന്നുംപറഞ്ഞ് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഒരു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരു വീട്ടുകാരുടേയും സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് വധൂവരന്‍മാര്‍ വിവാഹ വേദിയിലെത്തിയത്. പക്ഷെ വെറുമൊരു സാരിയുടെ പേരില്‍ ഇരുവരും നെയ്തെടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം തകര്‍ന്നടിഞ്ഞു. വിവാഹം മുടങ്ങിയതോടെ വരനും കുടുംബത്തിനുമെതിരെ പരാതിയുമായി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍. കര്‍ണാടകയിലെ ഹസനിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബി എന്‍ രഘുകുമാര്‍ എന്ന യുവാവും സംഗീത എന്ന യുവതിയും തമ്മിലുള്ള വിവാഹമാണ് നിസാര കാരണത്തിന്റെ പേരില്‍ മുടങ്ങിയത്. ഒരു വര്‍ഷത്തെ പ്രണയത്തിനുശേഷം ഒരുമിച്ചു ജീവിക്കാമെന്ന് തീരുമാനിച്ചാണ് യുവാവും യുവതിയും തങ്ങളുടെ പ്രണയം വീട്ടിലറിയിച്ചത്. എന്നാല്‍ ഇരു കുടുംബങ്ങളില്‍ നിന്നും ആദ്യം എതിര്‍പ്പുണ്ടായെങ്കിലും, മക്കള്‍ പിന്മാറില്ലെന്ന് മനസിലായതോടെ വിവാഹത്തിന് പച്ചക്കൊടി വീശുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളും കെട്ടടങ്ങിയത് പെട്ടെന്നായിരുന്നു.

ബുധനാഴ്ചയായിരുന്നു രഘുകുമാറും സംഗീതയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ ചില ചടങ്ങുകള്‍ക്കിടയില്‍ സംഗീത ധരിച്ചത് നിലവാരമില്ലാത്ത സാരിയാണെന്നും അത് മാറ്റണമെന്നും വരന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് അനുസരിക്കാന്‍ യുവതി തയ്യാറായില്ല. ഇതോടെ സംഗീതയുടെയും രഘുകുമാറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി. വഴക്ക് മൂത്ത് കയ്യാങ്കളിയില്‍ എത്തിയതോടെ രഘുകുമാറിന്റെ മാതാപിതാക്കള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കളെ അറിയിച്ചു.

Loading...

വ്യാഴാഴ്ചയായിരുന്നു രഘുകുമാറും സംഗീതയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. അതേസമയം, വിവാഹത്തില്‍നിന്ന് കുടുംബവും ബന്ധുക്കളും പിന്‍മാറിയതോടെ തന്റെ മകളോട് വിശ്വാസവഞ്ചന കാണിച്ച് വരന്‍ സ്ഥലംവിട്ടെന്ന് ആരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും രഘുകുമാറിനായി അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രഘുകുമാര്‍ ഒളിവിലാണെന്നും അയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഹസന്‍ എസ് പി ശ്രീനിവാസ് ഗൗഡ വ്യക്തമാക്കി. രഘുകുമാറിന്റെ മാതാപിതാക്കള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.