മൃതദേഹങ്ങള്‍ അലക്ഷ്യമായി കുഴിയിലെറിഞ്ഞ സംഭവം,ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

ബെല്ലാരി: കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ അശ്രദ്ധയോടെ കുഴിയിലേക്ക് തള്ളിയ സംഭവത്തില്‍ നടപടിയായി. കര്‍ണാടകത്തിലെ ബെല്ലാരിയിലാണ് ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. അതേസമയം തന്നെ ദൃശ്യങ്ങളില്‍ കണ്ട സംഭവത്തില്‍ തങ്ങള്‍ ഖേദമറിയിക്കുന്നതായും ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സമൂഹമാധ്യങ്ങളില്‍ ബെല്ലാരിയില്‍ നിന്നുള്ള ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹങ്ങളാണ് വിജനമായ സ്ഥലത്ത് തയ്യാറാക്കിയ വലിയ കുഴിയിലേക്ക് വലിച്ചെറിഞ്ഞത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സംഘമാണ് അലക്ഷ്യമായി മൃതദേഹങ്ങള്‍ എറിഞ്ഞുകളഞ്ഞത്. ഇതിന്റെ ദൃശ്യം അതിവേഗം വൈറലാകുകയായിരുന്നു.ഇതോടെയാണ് നടപടി. അതേസമയം ‘പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും അവര്‍ പാലിച്ചിരുന്നു.

Loading...

പക്ഷേ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാത്രം പിഴവ് സംഭവിക്കുകയായിരുന്നു. ആ സംഘത്തിനെ ആകെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. പകരം പുതിയ സംഘമായിരിക്കും ഇതേ ജോലി ചെയ്യുക…’- ഇങ്ങനെയാണ് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഉദ്യോഗസ്ഥനായ എസ് എസ് നകുല അറിയിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് 246 പേരാണ് മരിച്ചത്. 15,242 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.