കര്‍ണ്ണാടകയില്‍ താമര വിരിഞ്ഞു

കര്‍ണ്ണാടകയില്‍ ഓപ്പറേഷന്‍ താമര വിജയിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ച് യെദ്യൂരപ്പ. തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പി വിജയിച്ചു. ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്.

കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.

Loading...

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്യൂരപ്പയ്ക്ക് അനുഗ്രഹമായി.
104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിയാണ് ഒന്നര വര്‍ഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേയും വോട്ടര്‍മാരുടെ ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ഞങ്ങള്‍ തോല്‍വി അംഗീകരിക്കുന്നു. അതേ സമയം തോല്‍വിയില്‍ തങ്ങള്‍ നിരാശരാകില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദഹം രംഗത്ത് വന്നത്.

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 15-ല്‍ 12 സീറ്റുകളില്‍ മുന്നേറുകയാണ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

ഹൊസകോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ശരത്കുമാര്‍ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് വിമതനായ എം.ടി.ബി.നാഗരാജിന് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടാണ് ശരത് കുമാര്‍ സ്വതന്ത്രനായി മത്സരിച്ചത്.ശിവാജി നഗറിലും ഹുനസരുവിലും മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.