രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വിധിക്ക് പിന്നാലെ അയോധ്യയില്‍ ഇന്ന് കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം

അയോധ്യയില്‍ ഇന്ന് കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം. കനത്ത സുരക്ഷയ്ക്കിടെയാണ് ഉത്സവം നടക്കുക. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനം നടത്തും. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന വിധിക്ക് ശേഷം നടക്കുന്ന ആദ്യ ഉത്സവമാണ് കാര്‍ത്തിക പൂര്‍ണ്ണിമ. ഇന്നലെ മുതലേ ഭക്തര്‍ അയോധ്യയിലേക്ക് എത്തി തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഭക്തര്‍ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്.

അതേസമയം നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തില്‍ പങ്കെടുക്കാനും വന്‍ ജനാവലി അയോധ്യയില്‍ തമ്പടിച്ചിരുന്നു.

Loading...

അതേസമയം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് സൂചന. അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുക. ശിലാസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കും. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.

ക്ഷേത്ര നിര്‍മാണത്തിനായി തൂണുകളും ശില്‍പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്ന് ശില്‍പികള്‍ വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് മുമ്പാണ് തൊഴിലാളികളെ തിരിച്ചയച്ചത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തൊഴിലാളികളെ അയോധ്യയിലെത്തിക്കും.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കാമെന്നും സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂമിയുടെ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സാധിച്ചില്ല. അതേസമയം അയോധ്യയില്‍തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനും സുപ്രീംകോടതി ഉത്തരവായി. ഈ ഭൂമിയില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ അനുവാദവും നല്‍കി. ഇതിനായി മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബാബ്റി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനില്‍ക്കുന്നതല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരണത്തിന് പുറമേ, തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റില്‍ കേസിലെ പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.